India - 2025
വൈദികരും അൽമായരും നടത്തിയ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു
പ്രവാചകശബ്ദം 30-08-2022 - Tuesday
വിഴിഞ്ഞം: വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയഡോഷ്യസ് ഡിക്രൂസിന്റെ നേതൃത്വത്തിൽ വൈദികരും അൽമായരും ഉൾപ്പെടെ ആറുപേർ ഇന്നലെ തുറുമുഖ കവാടത്തിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം രാത്രിയോടെ അവസാനിപ്പിച്ചു. സമരസമിതി പ്രവർത്തകനെയും വൈദികനെയും മർദിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തുമെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടറുമായി സമരസമിതി നടത്തിയ ചർച്ചയിൽ ഉറപ്പുലഭിച്ചതിനെത്തുടർന്നാണ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത്.
വിഴിഞ്ഞം സമരത്തിന്റെ 14-ാം ദിനമായ ഇന്നലെ മുല്ലൂരിലെ സമരപ്പന്തലിൽ നിന്നു പ്രകടനം തുറമുഖ കവാടത്തിനു മുന്നിലെത്തി. ഇതേസമയംതന്നെ കടലിൽ 20 താങ്ങു വള്ളങ്ങളുടെ നേതൃത്വത്തിൽ ഉപരോധസമരവും നടന്നു. അതേസമയം,കവാടത്തിനുള്ളിൽ കുത്തിയിരുന്നു സമരം ചെയ്യുന്ന പ്രവർത്തകർക്ക് ഭക്ഷണവുമായെത്തിയ വാഹനങ്ങൾ പോലീസ് തടഞ്ഞ പ്രവർത്തകരുമായുള്ള സംഘർഷത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായി.
വൈകുന്നേരം സമരസമിതി അംഗങ്ങൾക്ക് ചായയുമായി എത്തിയ വാഹനവും പോലീസ് തടഞ്ഞു. ഇതോടെ സംഘർഷാവസ്ഥ രൂക്ഷമായി. സമരസമിതി അംഗങ്ങൾക്ക് കിടക്കാൻ കട്ടിലുമായി എത്തിയ ഓട്ടോറി ക്ഷ പോലീസ് തടഞ്ഞതായും സമരസമിതി പ്രവർത്തകനെയും ഒരു വൈദികനെയും പോലീസ് മർദിച്ചതായും സമരസമിതി കൺവീനർ ഫാ. തിയഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. സംഭവത്തില്‍ കളക്ടറും ജില്ല പോലീസ് മേധാവിയും ഖേദം പ്രകടിപ്പിച്ചിരിന്നു.