News - 2024

മെക്സിക്കോയിൽ വൈദികനെയും സെമിനാരി വിദ്യാർഥികളെയും കെട്ടിയിട്ട് മോഷണം

പ്രവാചകശബ്ദം 01-09-2022 - Thursday

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ തലസ്ഥാന നഗരിയായ മെക്സിക്കോ സിറ്റിയിൽ വൈദികനെയും, സെമിനാരി വിദ്യാർഥികളെയും കെട്ടിയിട്ട് മോഷണം. ഓഗസ്റ്റ് 29 രാവിലെ എട്ടുമണിക്കാണ് സെയിൻസ് ഓഫ് അമേരിക്ക എന്ന ഇടവക ദേവാലയത്തിൽ മോഷണം നടന്നത്. ഈ സമയത്ത് വിശുദ്ധ കുർബാനയ്ക്ക് വേണ്ടി ദേവാലയത്തിലേക്ക് പ്രവേശിക്കാൻ എത്തിയ ഇടവക വൈദികൻ ഫാ. ജോസ് ലൂയിസ് പെരസിനെയും, സെമിനാരി വിദ്യാർത്ഥികളെയും മോഷ്ടാക്കൾ കെട്ടിയിട്ടു. അവിടെയുണ്ടായിരുന്ന എല്ലാ വസ്തുക്കളും മോഷ്ടാക്കൾ കൊണ്ടുപോയെന്ന് ഫാ. ജോസ് ലൂയിസ് പെരസ് 'എസിഐ പ്രൻസ' എന്ന മാധ്യമത്തോട് പറഞ്ഞു.

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സെമിനാരി വിദ്യാർത്ഥികൾ ഉപയോഗിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടറുകളും, സെൽഫോണുകളും മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ഉൾപ്പെടുന്നു. കൂടാതെ ഫാ. ജോസ് ലൂയിസ് പെരസ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും, നേർച്ച പെട്ടികളിലെ പണവും മോഷണം പോയി. സെയിൻസ് ഓഫ് അമേരിക്ക ദേവാലയത്തിന് രണ്ടു മൈലുകൾ മാത്രം അകലെയുള്ള മറ്റൊരു കത്തോലിക്കാ ദേവാലയത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് മോഷണം നടന്നത്. ഏതാനും ജനൽ ചില്ലുകൾ തകർത്ത മോഷ്ടാക്കൾ, രണ്ട് നേർച്ച പെട്ടികളിൽ നിന്നുള്ള പണമാണ് കൊണ്ടുപോയത്. രണ്ടു കേസുകളിലും അധികൃതർ പരാതി നൽകിയിട്ടുണ്ട്. ഈ രണ്ടു ദേവാലയങ്ങളുടെ സമീപത്തുള്ള സെന്റ് മേരി ഓഫ് ദി അപ്പസ്തോൽസ് ദേവാലയത്തിലും കഴിഞ്ഞ ആഴ്ച മോഷണം നടന്നിരുന്നു.


Related Articles »