Life In Christ - 2024
നല്ല തീരുമാനങ്ങൾ എടുക്കാൻ സ്വന്തം ഹൃദയത്തെ ശ്രവിക്കണം: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 08-09-2022 - Thursday
വത്തിക്കാന്‍ സിറ്റി: നമ്മൾ ടെലിവിഷൻ, റേഡിയോ, മൊബൈൽ ഫോണുകൾ എന്നിവ കേൾക്കുന്നുണ്ടെങ്കിലും സ്വന്തം ഹൃദയത്തെ ശ്രവിക്കാന്‍ തയാറാകണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബർ 7 ബുധനാഴ്ച (07/09/22) വത്തിക്കാനിൽ, പ്രതിവാര പൊതുദർശനത്തിനിടെ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പ്രഥമ ദൃഷ്ട്യാ ആകർഷകമായ കാര്യങ്ങൾ മനുഷ്യനെ നിരാശനാക്കുകയാണ് ചെയ്യുന്നതെന്നും സ്വന്തം ഹൃദയത്തെ ശ്രവിക്കുകവഴിയാണ് ആദ്യം ദൈവാനുഭവം ഉണ്ടാകുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ലോകത്തിൻറെ ചിന്തകൾ ആദ്യം ആകർഷണീയങ്ങളാണ്, എന്നാൽ പിന്നീട് അവയുടെ തിളക്കം നഷ്ടപ്പെടുകയും ശൂന്യതയും അസംതൃപ്തിയും അവശേഷിപ്പിക്കുകയും ചെയ്യുന്നു. നേരെമറിച്ച്, ദൈവത്തിൻറെ ചിന്തകൾ ആദ്യം ഒരു പ്രത്യേക പ്രതിരോധം ഉളവാക്കുന്നു, പക്ഷേ നാം അവ സ്വീകരിക്കുമ്പോൾ പരിചിതമല്ലാത്തതും നീണ്ടുനില്ക്കുന്നതുമായ സമാധാനം സംജാതമാക്കുന്നു. പലപ്പോഴും നമ്മൾ ഒരു കാര്യം ചിന്തിക്കാൻ തുടങ്ങും, അവിടെ തന്നെ നിന്നുപോകും, പിന്നെ നിരാശരാകും. പകരം നമുക്ക് ഒരു ജീവകാരുണ്യ പ്രവർത്തനം നടത്താം, ഒരു നല്ല കാര്യം ചെയ്യാം, എന്തോ സന്തോഷം തോന്നുന്നു, ഒരു നല്ല ചിന്ത കടന്നു വരുന്നു, സന്തോഷം വരുന്നു, അത് നമ്മുടെ സ്വന്തം അനുഭവമാണ്.
ഞാൻ പറഞ്ഞുവന്നത് ഇതാണ്: എന്താണ് സംഭവിക്കുന്നത്, എന്ത് തീരുമാനം എടുക്കണം എന്നറിയാൻ, ഒരു സാഹചര്യം വിലയിരുത്താൻ, നാം ഹൃദയത്തെ ശ്രവിക്കണം. നമ്മൾ ടെലിവിഷൻ, റേഡിയോ, മൊബൈൽ ഫോണുകൾ എന്നിവ കേൾക്കുന്നു, നമ്മൾ കേൾക്കുന്നതിൽ വിദഗ്ദ്ധരാണ്, പക്ഷേ ഞാൻ നിങ്ങളോട് ചോദിക്കുന്നു: നിനക്ക് നിൻറെ ഹൃദയത്തെ കേൾക്കാൻ കഴിയുമോ? നല്ല തീരുമാനങ്ങൾ എടുക്കാൻ, സ്വന്തം ഹൃദയത്തെ ശ്രവിക്കണം.
നമ്മൾ ഇതിനകം ജീവിതത്തിൽ ഒരു ദൂരം സഞ്ചരിച്ചുകഴിയുമ്പോഴാണ് വലിയ ചോദ്യങ്ങൾ ഉയർന്നുവരുന്നത്, നമ്മൾ എന്താണ് അന്വേഷിക്കുന്നതെന്ന് മസ്സിലാക്കാൻ ആ പാതയിലേക്ക് മടങ്ങണം. ജീവിതത്തിൽ അൽപ്പം മുന്നോട്ട് പോയാൽ, ആ പാതയിലേക്ക് "എന്നാൽ ഞാൻ എന്തിനാണ് ഈ ദിശയിൽ നടക്കുന്നത്, ഞാൻ എന്താണ് അന്വേഷിക്കുന്നത്?", അവിടെയാണ് വിവേചനബുദ്ധി ഉപയോഗിക്കേണ്ടത്. ഇഗ്നേഷ്യസ്, തൻറെ പിതാവിൻറെ വീട്ടിൽ മുറിവേറ്റ്കിടക്കുമ്പോൾ, ദൈവത്തെക്കുറിച്ചോ സ്വന്തം ജീവിത നവീകരണത്തെക്കുറിച്ചോ ഒട്ടും ചിന്തിച്ചിരുന്നില്ല. സ്വന്തം ഹൃദയത്തെ ശ്രവിക്കുകവഴിയാണ് അദ്ദേഹത്തിന് ആദ്യം ദൈവാനുഭവം ഉണ്ടാകുന്നത്.
ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് പാപ്പ ആശംസകള്‍ നേര്‍ന്നു. യാതനകളനുഭവിക്കുന്ന മക്കളുള്ള, രോഗികളായ, തടവുകാരായ മക്കളുള്ള അമ്മമാരോട്, ഉള്ള തൻറെ സാമീപ്യം പാപ്പാ അറിയിച്ചു. കാരാഗൃഹവാസികളായ യുവ മാതാക്കൾക്ക് പ്രത്യാശയറ്റുപോകാതിരിക്കുന്നതിനായി പാപ്പ പ്രാർത്ഥിക്കുകയും ചെയ്തു.