Life In Christ
പാവങ്ങളുടെ അമ്മ മദര്‍ തെരേസ വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്
പ്രവാചകശബ്ദം 05-09-2022 - Monday
കൊൽക്കത്ത: പതിനായിരങ്ങള്‍ക്ക് പുതുജീവിതം സമ്മാനിച്ച, അഗതികളുടെയും നിരാലംബരുടെയും അമ്മയായി ലോകം എക്കാലവും അനുസ്മരിക്കുന്ന വിശുദ്ധ മദർ തെരേസ വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വർഷം. 1997 സെപ്റ്റംബർ അഞ്ചിനാണ് മദർ തെരേസ ഇഹ ലോക വാസം വെടിഞ്ഞത്. 87-ാം വയസിലായിരുന്നു ലോകത്തിനാകെ നൊമ്പരം പകർന്ന വിടവാങ്ങൽ. അൽബേനിയയിൽ ജനിച്ച് ഇന്ത്യ കർമഭൂമിയാക്കി ഉപവി പ്രവർത്തനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനിയായിരുന്നു മദർ തെരേസ. മിഷ്ണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം സ്ഥാപിച്ച മദര്‍ ആരാലും അന്വേഷിക്കപ്പെടാത്ത ജീവിതങ്ങളെ തേടി കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും, ചേരികളിലൂടെയും സഞ്ചരിച്ചു.
പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും അമ്മയായി. കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ സന്യാസസമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു സേവനമായി, സ്‌നേഹമായി പരന്നൊഴുകി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ 'പത്മശ്രീ' നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നവും നല്‍കി. 2016 സെപ്റ്റംബർ നാലിനു മദർ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. മദറിന്റെ ഓർമദിനത്തോടനുബന്ധിച്ചു ലോകമെമ്പാടും അനുസ്മരണ പരിപാടികൾ നടക്കുന്നുണ്ട്. കൊൽക്കത്തിലും പ്രത്യേക അനുസ്മരണ പ്രാർത്ഥന നടക്കും.