Life In Christ - 2024

ക്ഷമ മാത്രമാണ് യുദ്ധത്തിനെതിരായ ആയുധം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 26-08-2022 - Friday

വത്തിക്കാന്‍ സിറ്റി: തിന്മ ഒരിക്കലും തിന്മയാൽ കീഴടക്കപ്പെടുന്നില്ലായെന്നും മറിച്ച് നന്മ കൊണ്ട് മാത്രമേ കീഴടക്കാന്‍ കഴിയുവെന്നും ക്ഷമ മാത്രമാണ് യുദ്ധത്തിനെതിരായ ആയുധമെന്നും ഫ്രാന്‍സിസ് പാപ്പ. 2009 ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ അക്വില നഗരത്തിലേക്കു ഞായറാഴ്ച (ആഗസ്റ്റ് 28) നടത്തുവാനിരിക്കുന്ന തന്റെ ഇടയ സന്ദർശനത്തോടു അനുബന്ധിച്ച് അക്വിലയുടെ പത്രമായ 'ഇൽ ചെന്ത്രോ' എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ''സംഘർഷങ്ങളാലും യുദ്ധങ്ങളാലും കുലുങ്ങിയ ഒരു ലോകത്ത്, കാഴ്ചപ്പാട് മാറ്റാനും, ഭാവിയിലേക്ക് പ്രത്യാശയോടെ നോക്കാനുമുള്ള താക്കോൽ ക്ഷമയാകുമോ?'' എന്ന ചോദ്യത്തിന് യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരിന്നു പാപ്പയുടെ മറുപടി.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുക്രൈനിലെ ആയിരക്കണക്കിന് ആളുകളെയും എല്ലാറ്റിലുമുപരി നിരപരാധികളെയും ബാധിക്കുന്ന മറ്റ് നിരവധി സംഘർഷങ്ങൾക്കും നാം സാക്ഷ്യം വഹിക്കുന്നു. തിന്മ ഒരിക്കലും തിന്മയാൽ കീഴടക്കപ്പെടുന്നില്ല. മറിച്ച് നന്മ കൊണ്ട് മാത്രമേ കീഴടക്കാന്‍ കഴിയൂ. ഒരു യുദ്ധം ചെയ്യുന്നതിനേക്കാൾ ക്ഷമിക്കാൻ കൂടുതൽ ശക്തി ആവശ്യമാണ്. എന്നാൽ ക്ഷമയ്ക്ക് വലിയ ആന്തരികവും സാംസ്കാരിക പക്വതയും ആവശ്യമാണ്. ക്ഷമയുടെ പക്വതയിൽ നിന്ന് കൃത്യമായി കടന്നുപോകുന്ന സമാധാനത്തിന്റെ ഒരു സംസ്കാരം നമ്മൾ എല്ലാവരും ഒരുമിച്ച് വളർത്തിയെടുക്കണമെന്ന് ആഗ്രഹിക്കുകയാണ്. ഏത് യുദ്ധത്തിനും എതിരെ സാധ്യമായ ഒരേയൊരു ആയുധം ക്ഷമയാണെന്നും പാപ്പ പറഞ്ഞു.

ഓരോ ദരിദ്രനിലും നമുക്ക് യേശുവിനെ കാണാൻ കഴിയുമെന്ന് സഭ നമ്മെ പഠിപ്പിക്കുന്നു. കഷ്ടപ്പെടുന്നവരോടും ദരിദ്രരോടും അടുത്തിടപഴകുന്നതിന് സമീപ വർഷങ്ങളിൽ അക്വിലയിലെ സഭ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞ പാപ്പ, അക്വിലയിൽ ഇനിയും നിരവധി വീടുകളും നിരവധി കെട്ടിടങ്ങളും പുനർനിർമിക്കാനുണ്ടെന്നും ചൂണ്ടികാണിച്ചു. ക്രൂശിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ പ്രത്യാശയിൽ അവരെ സ്ഥിരീകരിക്കാനാണ് താൻ എല്ലാറ്റിനുമുപരിയായി അക്വിലയിലേക്ക് ചെല്ലുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ അക്വില നഗരത്തിലും പരിസരത്തുമായുണ്ടായ ഭൂകമ്പത്തില്‍ 300 പേര്‍ മരിച്ചിരിന്നു.

More Archives >>

Page 1 of 79