News - 2024

കസ്റ്റഡിയിലെടുത്ത സുവിശേഷ പ്രഘോഷകരെ മോചിപ്പിക്കാൻ ചൈനയോട് ആവശ്യപ്പെട്ട് സന്നദ്ധ സംഘടന

പ്രവാചകശബ്ദം 25-09-2022 - Sunday

യൂനാൻ (ചൈന): ക്രൈസ്തവ കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത സുവിശേഷപ്രഘോഷകരെ മോചിപ്പിക്കാൻ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് എന്ന സന്നദ്ധ സംഘടന ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടു. മ്യാൻമറിന് സമീപമുള്ള യൂനാൻ പ്രവിശ്യയിൽ ഓഗസ്റ്റ് ആദ്യം മുതൽ തടങ്കലിൽവെച്ചിരിക്കുന്ന അഞ്ച് സുവിശേഷപ്രഘോഷകരെ മോചിപ്പിക്കാൻ ആണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. നുൻജിയാങ് പ്രവിശ്യയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത്, സുവിശേഷപ്രഘോഷകർ കൂട്ടായ്മ സംഘടിപ്പിക്കുകയും, യുവജനങ്ങൾക്ക് സംഗീത പരിശീലനം നൽകുകയും ചെയ്തിരിന്നു.

ഇതാണ് അവരെ കസ്റ്റഡിയിൽ എടുക്കാൻ കാരണമെന്നു ക്രിസ്ത്യൻ സോളിഡാരിറ്റി ആരോപിച്ചു. സുവിശേഷ പ്രഘോഷകനായ വാൻ ഷുൻപിങും പോലീസ് പിടികൂടിയ അഞ്ചുപേരിൽ ഉൾപ്പെടുന്നു. ഇതിനിടയിൽ സെപ്റ്റംബർ പതിനാറാം തീയതി രണ്ടു കുട്ടികളുള്ള ഷുൻപിങിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാൻ വേണ്ടിയുളള അനുമതി അധികൃതരോട് പോലീസ് തേടി. അനധികൃതമായ യോഗം നടത്തി എന്ന കുറ്റം ചുമത്തമെന്നാണ് അവർ ആവശ്യപ്പെടുന്നത്. സമാധാനപരമായി വിശ്വാസം പിന്തുടർന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ വ്യവസ്ഥകൾ ഇല്ലാതെ, ഉടനെ തന്നെ വെറുതെ വിടണമെന്ന് ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവി വഹിക്കുന്ന സ്കോട്ട് ബോവർ പറഞ്ഞു.

ഇത്തരം ഒരു നടപടി സ്വീകാര്യമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ അടക്കം അവസരം കിട്ടുമ്പോൾ ശബ്ദമുയർത്തി ചൈനയോട് വ്യക്തമാക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി, മതങ്ങളെയും, വിശ്വാസത്തെയും അടിച്ചമർത്താനുള്ള ശ്രമമാണോ ഇപ്പോൾ നടക്കുന്നതെന്ന് തങ്ങൾക്ക് സംശയമുണ്ടെന്ന് സ്കോട്ട് ബോവർ കൂട്ടിച്ചേർത്തു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രൈസ്തവർ കൂടുതലായി താമസിക്കുന്ന പ്രവിശ്യയാണ് നുൻജിയാങ്. എന്നാൽ ക്രൈസ്തവരെ തടങ്കലിൽവെച്ച്, വിദേശ മിഷ്ണറിമാരുടെ സ്വാധീനത്തെ ഇല്ലാതാക്കാൻ ചൈനീസ് അധികൃതർ നിരവധി നാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

More Archives >>

Page 1 of 791