News - 2024

പ്രതിഷേധത്തിന് ഫലം: കൊളംബിയന്‍ എയര്‍പോര്‍ട്ടിലെ ചാപ്പല്‍ പൊതു ആരാധനകേന്ദ്രമാക്കില്ല

പ്രവാചകശബ്ദം 27-09-2022 - Tuesday

ബൊഗോട്ട: കൊളംബിയയിലെ എൽ ഡൊറാഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടച്ചിട്ടിരുന്ന കത്തോലിക്ക ചാപ്പൽ തുറക്കാന്‍ ഒടുവില്‍ ധാരണ. ബൊഗോട്ടയുടെ പ്രാന്തപ്രദേശമായ ഫോണ്ടിബോണിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം നടത്തുന്ന മാനേജ്‌മെന്റ് കമ്പനിയായ ഒപെയ്ന്‍, കത്തോലിക്കാ ചാപ്പലായി പ്രവർത്തിച്ചിരുന്ന ദേവാലയം പൊതു ആരാധന കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം എടുത്തിരിന്നു. ഇതിന് പിന്നാലേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം എയർ ടെർമിനലിന്റെ അഡ്മിനിസ്ട്രേറ്റർമാരും സഭാനേതൃത്വവും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയിലായത്. ചാപ്പല്‍ വീണ്ടും തുറക്കുമെന്ന് ഫോൺറിബോണിലെ ബിഷപ്പ് ജുവാൻ വിസെന്റ് കോർഡോബ അറിയിച്ചു.

നേരത്തെ പൊതു ആരാധനാകേന്ദ്രമാക്കാനുള്ള തീരുമാനം വന്നപ്പോള്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. കത്തോലിക്ക സഭയുടെ പ്രതിനിധികളും രാഷ്ട്രീയക്കാരും പൗരസമൂഹ നേതാക്കളും തീരുമാനത്തെ വിമർശിച്ചു. ഇതിനെതിരെ വിശ്വാസി സമൂഹം വിമാനത്താവളത്തിലേക്ക് മാർച്ചും അടച്ചിട്ട ചാപ്പലിന് പുറത്ത് ജപമാലയും സംഘടിപ്പിച്ചിരിന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ചര്‍ച്ച നടന്നത്. ഇപ്പോൾ, ഏതാണ്ട് ഒരു മാസത്തിനുശേഷം, കത്തോലിക്ക ചാപ്പല്‍ അവിടെ തന്നെ നടത്തിക്കൊണ്ടുപോകാന്‍ ധാരണയായെന്നും മറ്റ് മതങ്ങൾക്കായി പൊതു ആരാധന കേന്ദ്രം തുറക്കുമെന്നും ബിഷപ്പ് ജുവാൻ സ്ഥിരീകരിച്ചു.

യോഗത്തില്‍ ഒപൈന്‍റെ ഡയറക്ടർ ബോർഡ് പ്രസിഡന്റ് മൗറിസിയോ ഒസ്സയും ടീമും കോർഡോബയും കൊളംബിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്‍റും ബൊഗോട്ടയിലെ ആർച്ച് ബിഷപ്പ് ലൂയിസ് ജോസ് റുവേഡയും അടക്കമുള്ളവര്‍ പങ്കെടുത്തു. നിലവിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കി ചാപ്പൽ അടുത്ത ദിവസങ്ങളിൽ തന്നെ തുറന്നേക്കും. 50.4 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്തു 2017-ൽ നടത്തിയ ഒരു സർവേ അനുസരിച്ച്, 73 ശതമാനം കത്തോലിക്ക വിശ്വാസികളാണ്.


Related Articles »