News - 2025

പിറന്നാളിന് സമ്മാനമായി ഏഴു വയസ്സുകാരന്‍ ആവശ്യപ്പെട്ടത് ഒരു ചാപ്പൽ: ആഗ്രഹം സഫലീകരിച്ച് മാതാപിതാക്കൾ

പ്രവാചകശബ്ദം 30-08-2023 - Wednesday

സാവോ പോളോ: ബ്രസീൽ സ്വദേശിയായ ആന്ധ്രേ ലൂയിസ് മഗാൻഹ തന്റെ ഏഴാമത്തെ പിറന്നാളിന് സ്വന്തമാക്കിയ പിറന്നാള്‍ സമ്മാനം വാര്‍ത്തകളില്‍ ഇടം നേടുന്നു. പ്രാർത്ഥിക്കാനായി ഒരു ചാപ്പലാണ് സമ്മാനമായി തന്റെ വളർത്തു മാതാപിതാക്കളോട് ഈ ബാലന്‍ ആവശ്യപ്പെട്ടത്. മകന്റെ ആഗ്രഹം മാതാപിതാക്കൾ സാധിച്ചു കൊടുക്കുകയും ചെയ്തു. ജൂലൈ ഒന്‍പതാം തീയതി സാവോ പോളോ സംസ്ഥാനത്തെ ബൗരുവിൽ പുതിയ ചാപ്പൽ കൂദാശ ചെയ്യപ്പെട്ടു. ചാപ്പലിനുള്ളിൽ തടികൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും, താൻ തന്നെ തെരഞ്ഞെടുക്കുന്ന വിശുദ്ധരുടെ രൂപങ്ങളും വേണമെന്ന് മാതാപിതാക്കളായ ഏടറിനോടും, ജാക്വലിൻ മഗാൻഹയോടും കുഞ്ഞ് ആന്ധ്രേ പറഞ്ഞിരുന്നു.

14 പേർക്ക് ഇരിക്കാൻ സാധിക്കുന്ന രീതിയിലാണ് ചാപ്പൽ നിർമ്മിച്ചിരിക്കുന്നത്. പ്രസംഗ പീഠവും, അൾത്താരയും ചാപ്പലിൽ ഒരുക്കിയിട്ടുണ്ട്. ചാപ്പൽ കൂദാശ ചെയ്ത ദിവസം എൺപതോളം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. തങ്ങളുടെ വീടിന്റെ പുനർനിർമാണത്തെപ്പറ്റി പദ്ധതിയിടുന്ന സമയത്താണ് മകൻ ഇങ്ങനെ ഒരു ആവശ്യം പറഞ്ഞതെന്നും, ഈ ആവശ്യം കേട്ടപ്പോൾ അതെങ്ങനെ ചെയ്യാൻ സാധിക്കുമെന്ന് ചിന്തിച്ചുവെന്നും അമ്മ ജാക്വലിൻ എസിഐ ഡിജിറ്റൽ എന്ന മാധ്യമത്തോട് പറഞ്ഞു.

സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷൻ നടത്തുന്ന സെന്റ് ഫ്രാൻസിസ് ഓഫ് അസീസീ സ്കൂളിലാണ് ആന്ധ്രേ പഠിക്കുന്നത്. സഭയെ പറ്റി സ്കൂളിലെ അധ്യാപകരിൽ നിന്നും, രണ്ട് സന്യാസിനികളിൽ നിന്നും ഒരുപാട് ആന്ധ്രേ കേൾക്കാറുണ്ടെന്നും അവർ പറഞ്ഞു.

തിരുപ്പിറവി, ഈസ്റ്റർ, പിറന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ പുതിയ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കാനായി വൈദികരെ ക്ഷണിക്കാമെന്നുള്ള ചിന്തയിലാണ് ഇവരുടെ കുടുംബം ഇപ്പോൾ ഉള്ളത്. ഇതു പ്രകാരം ആദ്യത്തെ വിശുദ്ധ കുർബാന നവംബർ മുപ്പതാം തീയതി വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിവസം ചാപ്പലിൽ നടക്കും. വിശുദ്ധ അന്ത്രയോസിന്റെ പേരാണ് ചാപ്പലിന് നൽകിയിരിക്കുന്നത്. ആന്ധ്രേയെ 40 ദിവസം പ്രായമായ സമയത്താണ് മഗാൻഹ കുടുംബം ദത്ത് എടുക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ പകർന്നു നൽകിയ കത്തോലിക്ക വിശ്വാസം ഇന്നു ഈ ബാലന്റെ അനുദിന ജീവിതത്തിന്റെ വലിയ ഭാഗമായി മാറിയിരിക്കുകയാണ്.


Related Articles »