India - 2025

ഞായറാഴ്ച ആചരണം സഭയെ സംബന്ധിച്ചു പ്രധാനപ്പെട്ടത്: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

പ്രവാചകശബ്ദം 28-09-2022 - Wednesday

കൊച്ചി: ഞായറാഴ്ചയാചരണം സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതും ദൈവം നൽകിയ പത്ത് കൽപനകളുടെ അനുസരണത്തിൻ്റെ ഭാഗവുമാണെന്നും അന്നേ ദിവസം സര്‍ക്കാര്‍ പ്രവര്‍ത്തി ദിനമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ഈ വർഷത്തെ ഗാന്ധി ജയന്തി ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 2 ഞായറാഴ്ച ഒരു ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് പ്രതികരണവുമായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.

ഭാരതത്തിൻ്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനം സമുചിതമായി ആഘോഷിക്കപ്പെടേണ്ടതാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിലും യുവജനങ്ങളിലും വർദ്ധിച്ചു വരികയും നാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും അനിവാര്യമാണ്. ഇവയ്ക്കായുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ക്രമീകരിക്കപ്പെടുമ്പോൾ അവയോട് സർവാത്മനാ സഹകരിക്കാൻ സീറോ മലബാർ സഭ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഈ വർഷത്തെ ഗാന്ധി ജയന്തി ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 2 ഞായറാഴ്ച ഒരു ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനമെടുത്തതായും അറിയിപ്പ് നൽകിയതായും അറിയുന്നു.

ഞായറാഴ്ചയാചരണം സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതും ദൈവം നൽകിയ പത്ത് കൽപനകളുടെ അനുസരണത്തിൻ്റെ ഭാഗവുമാണ്. അന്നേദിവസം വിശ്വാസികൾക്ക് ദൈവാരാധനയിൽ സംബന്ധിക്കുകയും കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ പ്രസ്തുത പരിപാടി ബുദ്ധിമുട്ടുളവാക്കുന്നതാണ്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സാധാരണയായി ഒരാഴ്ച നീളുന്ന സേവനവാരാചരണങ്ങൾ സംഘടിപ്പിക്കാനുള്ളതാണ്. അതിൻ്റെ ഭാഗമായി ഇപ്പോൾ നിർദേശിച്ചിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഈ ആഴ്ചയിലെ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാവുന്നതാണ്. അപ്രകാരമുള്ള ഒരു ക്രമീകരണത്തോട് സഭയുടെ സഹകരണമുണ്ടാകുമെന്ന്‍ അറിയിക്കുന്നതായും ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പ്രസ്താവിച്ചു.

More Archives >>

Page 1 of 484