News - 2025
ആപ്പിൾ സിഇഒ ടിം കുക്ക് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 03-10-2022 - Monday
റോം: പ്രമുഖ അമേരിക്കന്‍ ടെക് കമ്പനി ആപ്പിളിന്റെ സിഇഒ ടിം കുക്ക് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനത്തിന്റെ തലേ ദിവസമായ ഇന്ന് ഒക്ടോബർ 3-ന് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയായിരിന്നു.ആഗോള ടെക്നോളജി ഭീമനായ ആപ്പിള്‍ സിഇഓ സെപ്റ്റംബർ 28 മുതൽ ഇറ്റലിയില്‍ സന്ദര്‍ശനം നടത്തുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നേപ്പിൾസ് ഫെഡറിക്കോ II സർവകലാശാലയിൽ നിന്ന് ഓണററി ബിരുദം സ്വന്തമാക്കിയിരിന്നു. അതേസമയം ഫ്രാന്‍സിസ് പാപ്പയും ടിം കുക്കും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഫ്രാൻസിസ് മാർപാപ്പ ടെക് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസേഴ്സുമായി കൂടിക്കാഴ്ച നടത്തുന്നത് സര്‍വ്വസാധാരണമാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവി എലോൺ മസ്‌ക് - മാർപാപ്പയ്‌ക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. 2016- ല്‍ ഗൂഗിളിന്റെ സിഇഒ (അക്കാലത്തെ എറിക് ഷ്മിറ്റ്), ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് എന്നിവര്‍ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചിരിന്നു. 2016-ൽ തന്നെ ആപ്പിള്‍ സിഇഓ മാര്‍പാപ്പയെ കണ്ടിരിന്നു.