Arts - 2024

'ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം': പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ ആപ്ത വാക്യവും ലോഗോയും പുറത്തിറക്കി

പ്രവാചകശബ്ദം 06-10-2022 - Thursday

മനാമ: നവംബർ മൂന്ന് മുതൽ ആറുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം പതിനാലാം വാക്യത്തെ കേന്ദ്രമാക്കി "ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം" എന്നതാണ് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആപ്തവാക്യം. യേശുവിന്റെ ജനനത്തിൽ മാലാഖമാർ ആലപിച്ച ഗീതത്തിൽനിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് സമാധാനത്തിനായുള്ള ആഹ്വാനം ഉൾക്കൊള്ളുന്ന ഈ യാത്രയുടെ ആപ്തവാക്യം.

ദൈവത്തിന് മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകൾക്കു സമാനമായി ബഹ്‌റൈന്റെയും പരിശുദ്ധസിംഹാസനത്തിന്റെയും പതാകകൾ വരച്ചുചേർത്തിരിക്കുന്നതാണ് അപ്പസ്തോലിക യാത്രയുടെ ലോഗോ. സമാധാനത്തിന്റെ അടയാളമായ ഒലിവിലയും ലോഗോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബഹ്‌റൈൻ രാജ്യം കത്തോലിക്ക സഭയ്ക്ക് സമ്മാനിച്ച 'അറേബ്യയിലെ നമ്മുടെ കന്യക' എന്ന പേരിലുള്ള കത്തീഡ്രലിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിച്ചിരിക്കുന്നതിന്റെ അടയാളമായി ഫ്രാൻസിസ് പാപ്പയുടെ പേര് നീല നിറത്തിലാണ് എഴുതിയിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിച്ച പത്രോസിന്റെ പിന്‍ഗാമിയാണ് ഫ്രാന്‍സിസ് പാപ്പ. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ഫെബ്രുവരി 3-5 തീയതികളില്‍ പാപ്പ യു‌എ‌ഇ സന്ദര്‍ശിച്ചിരിന്നു. അന്നു ആവേശകരമായ സ്വീകരണമാണ് അറേബ്യന്‍ സമൂഹം പാപ്പയ്ക്കു ഒരുക്കിയത്. രണ്ട് കത്തോലിക്കാ ഇടവകകൾ മാത്രമുള്ള ബഹ്റൈനില്‍ ഒരു മെത്രാനും ഏതാണ്ട് ഒരുലക്ഷത്തി അറുപതിനായിരത്തോളം കത്തോലിക്ക വിശ്വാസികളുമാണ് ഉള്ളത്. ഇതില്‍ ഭൂരിപക്ഷവും മലയാളികള്‍ അടക്കമുള്ള പ്രവാസികളാണ്. ഇടവക, സന്യസ്തവൈദികരുൾപ്പെടെ 20 വൈദികരാണ് ബഹ്‌റൈനിൽ സേവനം ചെയ്യുന്നത്.


Related Articles »