Faith And Reason - 2024

കോരിച്ചൊരിയുന്ന മഴയിലും ജപമാല തുടർന്ന് കൊളംബിയയിലെ പുരുഷന്മാര്‍

പ്രവാചകശബ്ദം 13-10-2022 - Thursday

ബൊഗോട്ട: ലോകമെമ്പാടും വിജയകരമായി നടന്നു കൊണ്ടിരിക്കുന്ന ‘പുരുഷന്‍മാരുടെ ജപമാല’യുടെ ചുവടുപിടിച്ച് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ നടന്ന പുരുഷന്‍മാരുടെ ജപമാലയില്‍ മഴയേപ്പോലും വകവെക്കാതെ പങ്കെടുത്തത് നൂറുകണക്കിന് പുരുഷന്മാര്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 8ന് ബൊഗോട്ടയിലെ ലൂര്‍ദ്ദ് മാതാവിന്റെ ബസിലിക്കക്ക് മുന്‍പിലാണ് പ്രധാനമായും ജപമാല പ്രാര്‍ത്ഥന നടന്നത്. ബൊഗോട്ടക്ക് പുറമേ, കാലി, ബുക്കാരമാങ്കാ, ബാരന്‍ക്വില്ല, സാന്താ മാര്‍ട്ടാ എന്നീ നഗരങ്ങളിലും മെന്‍സ് റോസറി സംഘടിപ്പിച്ചിരുന്നു. ബൊഗോട്ടയില്‍ നടന്ന മെന്‍സ് റോസറിയില്‍ പുരുഷന്‍മാര്‍ക്ക് പുറമേ സ്ത്രീകളും പങ്കെടുത്തു. ലൂര്‍ദ്ദ് മാതാവിന്റെ ബസിലിക്കക്ക് ഒപ്പം, പ്ലാസാ ഡി ബൊളിവറിലും ജപമാല പ്രാര്‍ത്ഥന നടന്നു. ബൊഗോട്ടയില്‍ നടന്ന മെന്‍സ് റോസറിയുടെ വീഡിയോ പുറത്തുവിട്ടുണ്ട്. ജപമാല തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും മഴ പെയ്യുന്നതും, മഴ നനഞ്ഞുകൊണ്ട് തന്നെ പുരുഷന്‍മാര്‍ മുട്ടിന്‍മേല്‍ നിന്ന് ജപമാല ചൊല്ലുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

ചിലരുടെ പക്കല്‍ കുടയുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും മഴനനഞ്ഞുകൊണ്ടാണ് ജപമാലയില്‍ പങ്കെടുത്തത്. ജപമാലയുടെ രഹസ്യങ്ങളെ കുറിച്ചുള്ള വിചിന്തനത്തിനിടയില്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ട കുരുന്നു ജീവനുകള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും, അധികാരികള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. കാത്തലിക് സോളിഡാരിറ്റി, മിഷന്‍ ഫോര്‍ ദി ലവ് ഓഫ് ഗോഡ് ത്രൂഔട്ട്‌ ദി വേള്‍ഡ്, ലാസോസ് ഡെ അമോര്‍ മരിയാനോ, റെഗ്നം ക്രിസ്റ്റി പോലെയുള്ള അത്മായ സംഘടനകളുടെ സഹകരണത്തോടെ ‘റൊസാരിയോ ഡെ സാന്‍ ജോസ്’ എന്ന സംഘടനയാണ് ലൂര്‍ദ്ദ് മാതാവിന്റെ ബസിലിക്കക്ക് മുന്നില്‍ നടന്ന മെന്‍സ് റോസറി സംഘടിപ്പിച്ചത്.

കൊളംബിയക്ക് പുറമേ, വേറേയും നിരവധി രാജ്യങ്ങളില്‍ അന്നേ ദിവസം മെന്‍സ് റോസറി സംഘടിപ്പിച്ചിരുന്നു. 2018-ല്‍ പോളണ്ടില്‍ ആരംഭിച്ച മെന്‍സ് റോസറി ആദ്യം അയര്‍ലന്‍ഡിലേക്കും പിന്നീട് ലോകത്തെ വിവിധ രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ ഇഷ്ടം തന്നെയായ മാതാവിന്റെ അഭീഷ്ടം നിറവേറ്റുകയാണ് മെന്‍സ് റോസറിയുടെ പ്രധാന ലക്ഷ്യമെന്നു മെന്‍സ് റോസറിക്ക് തുടക്കം കുറിച്ചവരുടെ വെബ്സൈറ്റില്‍ പറയുന്നു. ഈ ഭൂമിയില്‍ നമുക്കായി നല്കപ്പെട്ടിരിക്കുന്നവരുടെ നിത്യജീവനെ സംരക്ഷിക്കുക എന്നതാണ് ദൈവീക പദ്ധതിയില്‍ പുരുഷന്‍മാര്‍ക്കുള്ള പങ്കെന്നും സൈറ്റില്‍ വിവരിക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »