Youth Zone
ആഗോള ക്രിസ്ത്യന്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഹംഗേറിയന്‍ സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
പ്രവാചകശബ്ദം 24-10-2022 - Monday
ബുഡാപെസ്റ്റ്: ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഹംഗേറിയന്‍ സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക സ്കോളര്‍ഷിപ്പിന്റെ ഈ വര്‍ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്തു. മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്ബേജാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സന്ദേശത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ അവരുടെ മാതൃരാജ്യത്ത് തുടരുവാന്‍ സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ച് അസ്ബേജ് എടുത്തുപറഞ്ഞിരിന്നു. ക്രൈസ്തവരെ മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ സമുദായങ്ങളെയും സഹായിക്കുവാനാണ് ഹംഗറിയുടെ ആഗ്രഹമെന്നും, ഹംഗറിയുടെ ഹൃദയത്തില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹംഗേറിയന്‍ ജനത അനുകമ്പയുള്ളവരാണെന്നും, ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്നും വരുന്നതാണെന്നും അസ്ബേജ് സൂചിപ്പിച്ചു.
തന്റെ മുത്തച്ഛന്‍മാരുടെ തലമുറ - ലോകമഹായുദ്ധങ്ങളുടെ കാലത്തും, തന്റെ മാതാപിതാക്കളുടെ തലമുറ - പൗരോഹിത്യ വിരുദ്ധ, മതവിരുദ്ധ, ക്രൈസ്തവ വിരുദ്ധ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ കാലത്തും ജീവിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹംഗറി ലോകത്തെ ഏറ്റവും വലിയ രാജ്യമോ, ഏറ്റവും സമ്പന്നമായ രാജ്യമോ അല്ലെങ്കില്‍ പോലും ഹംഗേറിയന്‍ ജനത ഉദാരമനസ്കരാണെന്ന് പറഞ്ഞ സ്റ്റേറ്റ് സെക്രട്ടറി ആഫ്രിക്ക ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ യുവതീയുവാക്കളെ സഹായിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവ സമൂഹമാണെന്നും, ക്രിസ്തുവിലുള്ള വിശ്വാസത്തേ പ്രതി ലോകമെമ്പാടുമായി 30 കോടിയിലധികം ക്രൈസ്തവര്‍ വിവിധ തരത്തിലുള്ള മതപീഡനത്തിനും വിവേചനത്തിനും ഇരയാകുന്നുണ്ടെന്നും അസ്ബേജ് ചൂണ്ടിക്കാട്ടി.
സ്വന്തം രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി മഹത്തായ സംഭാവനകള്‍ ചെയ്യുവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നു സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി ഹംഗറിയിലെത്തിയിട്ടുള്ള വിവിധ രാജ്യങ്ങളിലെ യുവജനങ്ങളോടായി അദ്ദേഹം പറഞ്ഞു. അതിനു വേണ്ടിയാണ് പദ്ധതി തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നത് ഒരു ധാര്‍മ്മിക ചുമതലയായി കണക്കാക്കിക്കൊണ്ട് ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്ന ഹംഗറി സര്‍ക്കാര്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എക്കാലവും മികച്ച മാതൃകയാണ് . “ഹംഗറി ഹെല്‍പ്സ്’ എന്ന പദ്ധതിയിലൂടെ പീഡിത ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുള്ള ചുമതല അമേരിക്കയിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് തുല്യമായ സ്ഥാനം ഹംഗറി സര്‍ക്കാരിലുള്ള അസ്ബേജിലാണ് നിക്ഷിപ്തമായിരിക്കുന്നത്.