Arts

തുര്‍ക്കിയില്‍ കത്തോലിക്ക ആശ്രമം ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും തുറന്നു

പ്രവാചകശബ്ദം 26-10-2022 - Wednesday

ഇസ്താംബൂള്‍: തെക്കന്‍ തുര്‍ക്കിയിലെ സിറിയന്‍ ക്രൈസ്തവരുടെ ഹൃദയഭൂമിയായ മാര്‍ഡിനിലെ വിശുദ്ധ എഫ്രേം ആശ്രമത്തിന്റെ വാതിലുകള്‍ ഒരു നൂറ്റാണ്ടിനു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു. തുര്‍ക്കി സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആശ്രമം വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് സിറിയന്‍ സഭാതലവന്‍ പാത്രിയാര്‍ക്കീസ് ഇഗ്നേസ് ജോസഫ് യൗനാന്‍ തൃതീയന്‍ ആശ്രമത്തിലെ ദേവാലയത്തിന്റെ അള്‍ത്താരയിലും, ഭിത്തികളിലും വാതിലുകളിലും വിശുദ്ധ തൈലം തളിച്ച് ആശീര്‍വദിക്കുകയും, ആശ്രമത്തിന്റെ പുനര്‍സമര്‍പ്പണം നടത്തുകയും ചെയ്തു. തുര്‍ക്കിയിലെയും മധ്യപൂര്‍വ്വേഷ്യയിലെയും കത്തോലിക്ക നേതാക്കള്‍, തുര്‍ക്കിയിലെ അപ്പസ്തോലിക പ്രതിനിധി എന്നിവര്‍ക്ക് പുറമേ, നിരവധി സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാന്മാരും, വൈദികരും ചടങ്ങില്‍ പങ്കെടുത്തു.

സമര്‍പ്പണ കര്‍മ്മത്തിന് മുന്‍പായി തുര്‍ക്കി പാത്രിയാര്‍ക്കല്‍ വികാര്‍ മെത്രാപ്പോലീത്ത ഒര്‍ഹാന്‍ സാന്‍ലി നടത്തിയ പ്രസംഗത്തില്‍ ആശ്രമത്തിന്റെ പുനര്‍സമര്‍പ്പണം സാധ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഒരു നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് ആശ്രമത്തില്‍ ആരാധന നടക്കുന്നത്. അള്‍ത്താരക്ക് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ കുരിശില്‍ ആലേഖനം ചെയ്തിരിക്കുന്ന “അവനെ നോക്കൂ, അവനില്‍ വിശ്വസിക്കൂ” എന്ന വാക്യത്തെ കുറിച്ച് ആരാധന മധ്യേ നടത്തിയ പ്രസംഗത്തില്‍ പാത്രിയാര്‍ക്കീസ് യൗനാന്‍ വിവരിച്ചു. കുരിശില്‍ തൂങ്ങപ്പെട്ട ക്രിസ്തുവില്‍ നോട്ടമുറപ്പിക്കുവാനും, നമ്മുടെ വിശ്വാസവും പ്രതീക്ഷയും അവനില്‍ സമര്‍പ്പിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടാണ് പാത്രിയാര്‍ക്കീസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

1881-ല്‍ സ്ഥാപിതമായ ഈ ആശ്രമം ഒന്നാം ലോകമഹായുദ്ധകാലത്ത് തുര്‍ക്കി സൈന്യം പിടിച്ചെടുക്കുകയും, യുദ്ധം അവസാനിച്ച ശേഷം തിരികെ നല്‍കുകയുമായിരുന്നു. 1922-ല്‍ ഈ ആശ്രമം ഒരു സൈനീക ആശുപത്രിയായി പരിവര്‍ത്തനം ചെയ്തു. അതിനുശേഷം ജയിലായും, ഗോഡൌണായും ഈ ആശ്രമം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ക്കേ ഇന്നത്തെ തെക്കന്‍ തുര്‍ക്കിയും, മധ്യപൂര്‍വ്വേഷ്യയിലെ ചില ഭാഗങ്ങളും അസ്സീറിയക്കാര്‍ എന്നറിയപ്പെട്ടിരുന്ന ക്രിസ്ത്യാനികളുടെ കേന്ദ്രമായിരുന്നു. എന്നാല്‍ കടുത്ത മതപീഡനം കാരണം അസ്സീറിയന്‍ ക്രൈസ്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

ഒന്നാം ലോക മഹായുദ്ധ കാലത്ത് തുര്‍ക്കി സൈന്യവും, പ്രാദേശിക സൈന്യങ്ങളും നിരവധി അസ്സീറിയന്‍ ക്രൈസ്തവ വിശ്വാസികളെ കൂട്ടക്കൊലചെയ്യുകയുണ്ടായി. ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെ വംശഹത്യയായിട്ടാണ് കണക്കാക്കുന്നത്. ഇന്ന് തുര്‍ക്കി ജനസംഖ്യയിലെ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് അസ്സീറിയന്‍ ക്രൈസ്തവര്‍. യേശു സംസാരിച്ചിരുന്ന അറമായ ഭാഷയില്‍ നിന്നും വരുന്ന നിയോ-അറമായിക്ക് ഭാഷ സംസാരിക്കുന്ന നിരവധി പേര്‍ ഇന്നും സമൂഹത്തിലുണ്ട്.

More Archives >>

Page 1 of 46