Arts

പീഡിത ക്രൈസ്തവരെ സ്മരിച്ചുള്ള ലോകത്തെ മൂന്നാമത്തെ ദേവാലയം അമേരിക്കയില്‍ കൂദാശ ചെയ്തു

പ്രവാചകശബ്ദം 22-10-2022 - Saturday

മസാച്ചുസെറ്റ്സ്: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാനുള്ള മൂന്നാമത്തെ ദേവാലയം പീഡിതരുടെ ആശ്വാസമായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തില്‍ അമേരിക്കയിലെ ഏറ്റവും ജനനിബിഡ സംസ്ഥാനമായ മസാച്ചുസെറ്റ്സിലെ ക്ലിന്റണില്‍ കൂദാശ ചെയ്തു. ഇന്നലെ വെള്ളിയാഴ്ച വോഴ്സെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് മക്മാനൂസാണ് ദേവാലയം ആശീര്‍വദിച്ചത്. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു മരിയന്‍ ചിത്രവും ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇറാഖിലെ ബാര്‍ട്ടെല്ലായില്‍ നിന്നുള്ള ഡീക്കനായ എബ്രാഹിം ലാല്ലോ ആണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ‘നസറായന്‍.ഓര്‍ഗ്’ എന്ന സന്നദ്ധ സംഘടനക്ക് രൂപം നല്‍കിയ ഫാ. ബെനഡിക്ട് കീലിയാണ് ‘പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള സ്ഥലം’ എന്ന ആശയത്തിന്റെ പിന്നില്‍.

കൂദാശയോടനുബന്ധിച്ച് വോഴ്സെസ്റ്റര്‍ രൂപതയിലെ ‘സെന്റ്‌ ജോണ്‍ ദി ഗാര്‍ഡിയന്‍ ഓഫ് ഔര്‍ ലേഡി’ ഇടവക ദേവാലയത്തില്‍ സുപ്രസിദ്ധ കത്തോലിക്കാ കമ്പോസറായ പോള്‍ ജേണ്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ ‘കോര്‍ ഉനം’ ഗായക സംഘം പാടിയ പാട്ടുകളുടെ അകമ്പടിയോടെയുള്ള പാട്ടുകുര്‍ബാനയും ഉണ്ടായിരുന്നു. മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ദശലക്ഷ കണക്കിന് ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കൂടുതല്‍ ആളുകള്‍ രംഗത്ത് വരണമെന്നാണ് മധ്യപൂര്‍വ്വേഷ്യയില്‍ മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി വര്‍ഷങ്ങളോളം ചിലവഴിച്ച ഫാ. കീലി പറയുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് വിശുദ്ധ ലിഖിതങ്ങളില്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശുദ്ധ കുര്‍ബാനക്കിടെ മാത്രം പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ പോരെന്നു പറഞ്ഞ ഫാ. കീലി മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും അതിനു വേണ്ടിയാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 2017-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വെസ്റ്റ്‌ 34-മത് തെരുവിലെ സെന്റ്‌ മൈക്കേല്‍ ദേവാലയത്തിലാണ് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുള്ള ആദ്യത്തെ മരിയന്‍ ദേവാലയം തുറന്നത്. രണ്ടാമത്തെ ദേവാലയം ലണ്ടനിലെ സോഹോ ജില്ലയിലെ ഓര്‍ഡിനറിയേറ്റ് ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍ ആന്‍ഡ്‌ സെന്റ്‌ ഗ്രിഗറി ദേവാലയത്തില്‍ കഴിഞ്ഞ മാസമാണ് തുറന്നത്. മസ്സാച്ചുസെറ്റ്സില്‍ ഈ ദേവാലയമൊരുക്കുവാന്‍ അനുവാദം നല്‍കിയ മെത്രാന്‍ മക്മാനൂസിന് ഫാ. കീലി നന്ദി അര്‍പ്പിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 46