News

കൊല്ലപ്പെട്ട പാലസ്തീനി ക്രൈസ്തവ മാധ്യമപ്രവര്‍ത്തകയുടെ കുടുംബവുമായി പാപ്പ കൂടിക്കാഴ്ച നടത്തും

പ്രവാചകശബ്ദം 26-10-2022 - Wednesday

റോം: ഇക്കഴിഞ്ഞ മെയ് 11-ന് കൊല്ലപ്പെട്ട പാലസ്തീന്‍ വംശജയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേ എന്ന മാധ്യമപ്രവർത്തകയുടെ കുടുംബവുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തും. നാളെ വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അബു അക്ലെയുടെ സ്മരണാര്‍ത്ഥം റോമിലെ കോസ്മെഡിനിലെ സെന്റ്‌ മേരീസ് ബസലിക്കയില്‍ ഇന്നു ഒക്ടോബര്‍ 26-ന് സംഘടിപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമായിരിക്കും അബു അക്ലെയുടെ സഹോദരനും കുടുംബവും ഫ്രാന്‍സിസ് പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്നത്. അന്തിയോക്കിലെ ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യോസെഫ് അബ്സിയും, പലസ്തീനിലെ ചര്‍ച്ച് അഫയേഴ്സിലെ ഉന്നത പ്രസിഡന്‍ഷ്യല്‍ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ വിവിധ വത്തിക്കാന്‍ നയതന്ത്രജ്ഞര്‍ക്കും പ്രതിനിധികള്‍ക്കും പുറമേ, ഇറ്റലിയിലെ അറബ് നയതന്ത്രജ്ഞരും പങ്കെടുക്കും.

പ്രമുഖ അറബ് മാധ്യമമായ ‘അല്‍ ജസീറ’യില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സേവനം ചെയ്തുവരികയായിരുന്ന പ്രമുഖ പാലസ്തീനിയന്‍-അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു ഷിരീൻ അബു. മെയ് പതിമൂന്നാം തീയതി വെസ്റ്റ് ബാങ്കിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനെ പറ്റി റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മെൽക്കൈറ്റ് ഗ്രീക്ക് സഭാംഗമായ ഷിരീൻ കൊല്ലപ്പെടുന്നത്. 'പ്രസ്സ്' എന്നെഴുതിയ ഒരു നീല ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും, ഇസ്രായേലി സുരക്ഷാസേന (ഐ.ഡി.എഫ്) മാധ്യമപ്രവർത്തകരുടെ ശിരസ്സിൽ നിറയൊഴിക്കുകയായിരുന്നു. ഐ.ഡി.എഫ് അബു അക്ലെയേയും, മറ്റ് മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

ഷിരീൻ അബു കൊല്ലപ്പെട്ടതിന് പിന്നാലെ ലോകമെമ്പാടും കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍, തെറ്റിദ്ധാരണയുടെ പുറത്ത് ഇസ്രായേലി സൈനീകനായിരിക്കാം അബു അക്ലെയെ കൊലപ്പെടുത്തിയതെന്ന് ഇസ്രായേല്‍ സമ്മതിച്ചിരിന്നു. എന്നാല്‍ തന്റെ ആന്റിയെ ഇസ്രായേല്‍ മനപ്പൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നു എന്ന ആരോപണവുമായി അബു അക്ലെയുടെ അനന്തരവളായ ലിന രംഗത്ത് വന്നു. ഇസ്രായേലിനെതിരെ രംഗത്ത് വന്നിട്ടുള്ള 100 നേതാക്കളെ കുറിച്ചുള്ള ടൈം മാഗസിന്റെ പട്ടികയില്‍ ലിനയുമുള്‍പ്പെടുന്നുണ്ട്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉള്‍പ്പെടെയുള്ള ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരും നിയമസാമാജികരുമായി ലിന കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. അബു അക്ലെക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി നടക്കുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »