Youth Zone
പൈശാചികമായ ഹാലോവീന്‍ ആഘോഷം കേരളത്തിലെ കത്തോലിക്ക സ്ഥാപനങ്ങളിലും: പ്രതിഷേധത്തിന് ഒടുവില്‍ ക്ഷമാപണം
പ്രവാചകശബ്ദം 12-11-2022 - Saturday
കോട്ടയം: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും വലിയ രീതിയില്‍ അവഹേളിക്കുന്ന വിധത്തില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു വേദിയായി കേരളത്തിലെ കത്തോലിക്ക സ്ഥാപനങ്ങള്‍. അമലഗിരി ബികെ കോളേജ്, ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജ് എന്നീ സ്ഥാപനങ്ങളില്‍ നടന്ന ഹാലോവീന്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് നവമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ തെറ്റ് സംഭവിച്ചുവെന്ന് അംഗീകരിച്ചും ക്ഷമാപണം നടത്തിയും സ്ഥാപനങ്ങള്‍ പ്രസ്താവന പുറത്തിറക്കി.
ഇന്‍റര്‍ കോളജിയേറ്റ് ഫെസ്റ്റിലെ മത്സരങ്ങളിൽ ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും അവഹേളിക്കുന്ന അവതരണങ്ങൾ ഉണ്ടായിരുന്നുവെന്നു മനസിലാക്കുന്നുവെന്നും വിവിധ കോളേജുകളില്‍ നിന്നുള്ളവര്‍ എന്താണ് അവതരിപ്പിക്കുന്നതെന്ന് കോളേജ് അധികൃതർക്ക് മുന്നറിവുണ്ടായിരുന്നില്ലായെന്നും എന്നാല്‍ തെറ്റ് അംഗീകരിക്കുകയാണെന്നും 'സിസ്റ്റേഴ്സ് ഓഫ് ദ അഡോറേഷന്‍ ഓഫ് ദ ബ്ലസ്ഡ് സാക്രമെന്‍റ്' നടത്തുന്ന ബികെ കോളേജ് പ്രസ്താവിച്ചു. ഭാവിയിൽ ഇതുപോലുള്ള വീഴ്ചകൾ സംഭവിക്കാതിരിക്കാൻ ജാഗരൂകരായിരിക്കുമെന്ന് ഉറപ്പ് നൽകുന്നതായും മാനേജര്‍ സിസ്റ്റര്‍ ലില്ലി റോസ് എസ്‌എബിഎസ്, പ്രിന്‍സിപ്പാള്‍ ഡോ. ആഗ്നസ് ജോസ് അറിയിച്ചു.
കോളേജിൽ വിദ്യാർത്ഥികൾ നടത്തിയ ഫ്ളാഷ്മൊബ് പ്രോഗ്രാമിൽ ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സന്ന്യാസത്തിനും എതിരായി നടന്ന അവതരണം തീർത്തും തെറ്റായിപ്പോയെന്ന് മനസ്സിലാക്കുന്നുവെന്നും വിദ്യാർത്ഥികളുടെ അപ്രകാരമുള്ള അവതരണ രീതി മുൻകൂട്ടി കാണുവാനോ തിരുത്തലുകൾ നൽകുവാനോ സാധിക്കാതെ പോയത് കോളേജ് അധികാരികളുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി അംഗീകരിക്കുന്നുവെന്നും ക്രിസ്തുജ്യോതി സ്കൂള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഈ പ്രോഗ്രാമിന്റെ അവതരണത്തിലൂടെ വിശ്വാസസമൂഹത്തിന് ഉണ്ടായ മനോവിഷമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരുപാധികം ക്ഷമ ചോദിക്കുകയാണെന്നും സ്കൂള്‍ നടത്തുന്ന സിഎംഐ വൈദികര്‍ പ്രസ്താവിച്ചു.
ഇത്തരം പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് ഭാവിയിൽ യാതൊരുവിധ വീഴ്ചകളും ഉണ്ടാകാതിരിക്കാൻ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലർത്തുമെന്ന് ഉറപ്പുനൽകുന്നതായും മാനേജർ ഫാ. തോമസ് ചൂളപ്പറമ്പിൽ സിഎംഐ, പ്രിൻസിപ്പൽ ഫാ. ജോഷി ചീതംകുഴി സിഎംഐ, ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ സെക്രട്ടറി ഫാ. സ്കറിയ എതിരേറ്റ് സിഎംഐ എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ നടക്കുന്ന പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ കേരളത്തിലെ കത്തോലിക്ക സ്ഥാപനങ്ങളില്‍ നടന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശം കെസിബിസി തലങ്ങളില്‍ നിന്നു ഉണ്ടാകണമെന്നാണ് വിശ്വാസി സമൂഹം ആവശ്യപ്പെടുന്നത്.
