Arts - 2024

ഗ്വാട്ടിമാലയിലെ കലാകാരന്മാർ നിർമ്മിച്ച പുൽക്കൂട് ആശീർവദിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 05-12-2022 - Monday

വത്തിക്കാന്‍ സിറ്റി: ലാറ്റിനമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ കലാകാരന്മാർ നിർമ്മിച്ച ക്രിസ്തുമസ് പുൽക്കൂട് ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചു. ശനിയാഴ്ചയാണ്, കരങ്ങൾ കൊണ്ട് നിർമ്മിച്ച മനോഹരമായ പുൽക്കൂട് കാണാനായി പാപ്പ എത്തിയത്. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണ് പുൽക്കൂടിന്റെ പ്രദർശനത്തിന് തുടക്കം കുറിക്കപ്പെട്ടത്. രാജ്യത്തെ വിദേശകാര്യ മന്ത്രി മാരിയോ ബുക്കാരോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിരുന്നു.

ഇത് ആദ്യമായിട്ടാണ് ഗ്വാട്ടിമാല വത്തിക്കാനിൽ ഇങ്ങനെ ഒരു പ്രദർശനം നടത്തുന്നതെന്ന് പറഞ്ഞ മാരിയോ ബുക്കാരോ, ക്രിസ്തുമസിന് മുന്നോടിയായി രാജ്യം നൽകുന്ന ഒരു സമ്മാനമാണ് ഇതെന്നും കൂട്ടിച്ചേർത്തു. പരിശുദ്ധ കന്യകാമറിയവും യൗസേപ്പിതാവും സ്വർണ്ണ കിരീടങ്ങൾ ധരിച്ച് മാലാഖമാരാൽ ചുറ്റപ്പെട്ട നിൽക്കുന്ന പുൽക്കൂട് മുപ്പതുപേർ ചേർന്നാണ് നിർമ്മിച്ചത്. നമ്മളോട് സമീപസ്ഥനായിരിക്കാൻ, ഭൂമിയിൽ ജനിച്ച ദൈവത്തിന്റെ മകനെ പറ്റിയാണ് പുൽക്കൂട് പറയുന്നതെന്ന് ചടങ്ങിൽ ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു. അതിൽ ഉൾച്ചേർന്നിരിക്കുന്ന ദാരിദ്ര്യത്തിലൂടെ, പുൽക്കൂട് ക്രിസ്തുമസിന്റെ യഥാർത്ഥ സമ്പത്ത് വീണ്ടും കണ്ടെത്താൻ നമ്മെ സഹായിക്കുകയാണെന്നും പാപ്പ വിശദീകരിച്ചു.

ഡിസംബർ മൂന്നാം തീയതി തന്നെ തടികൊണ്ട് നിർമ്മിച്ച മറ്റൊരു പുൽക്കൂട് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വത്തിക്കാൻ പ്രദർശനത്തിനു വേണ്ടി തുറന്നു നൽകിയിരുന്നു. ഈശോയുടെ ജ്ഞാനസ്നാന തിരുനാൾ ആചരിക്കുന്ന ജനുവരി എട്ടാം തീയതി വരെ ഗ്വാട്ടിമാലയിലെ കലാകാരന്മാർ നിർമ്മിച്ച പുൽക്കൂട് പോൾ ആറാമൻ ഹാളിൽ പ്രദര്‍ശിപ്പിക്കും.


Related Articles »