India - 2025
സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവർക്കെതിരേ നടപടിയെടുക്കാൻ സഭാനേതൃത്വം തയാറാകണം: കത്തോലിക്ക കോൺഗ്രസ്
പ്രവാചകശബ്ദം 06-12-2022 - Tuesday
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയുംവേഗം അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് അഭ്യർത്ഥിച്ചു. മാർപാപ്പയുടെയും സീറോ മലബാർ സഭ സിനഡിന്റെയും തീരുമാനം അംഗീകരിച്ചു പ്രതിഷേധങ്ങളിൽ നിന്ന് വിമതവിഭാഗം പിൻവാങ്ങണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസിലിക്ക അടച്ചിട്ടിരിക്കുന്നതു ദൗർഭാഗ്യകരമാണ്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ കാർമികത്വത്തിൽ ഏകീകൃത കുർബാന അർപ്പിച്ച് ബസിലിക്ക തുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
മാർപാപ്പയുടെ നിർദേശമനുസരിച്ചു പ്രവർത്തിക്കുന്ന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ തടയുന്നതു തെറ്റാണ്. ബസിലിക്കയിൽ നിലനിൽക്കുന്ന സാഹചര്യം സംഘർഷത്തിനും ഉതപ്പിനും കാരണമാവുന്നു. പൊതുസമൂഹവും വിശ്വാസി സമൂഹവും ഒരുപോലെ ഈ വിഷയത്തിൽ ആശങ്കാകുലരാണ്. വിട്ടുവീഴ്ചയുടെ മാർഗത്തിൽ സഭയുടെ ഔദ്യോഗികമായ നിലപാടും തീരുമാനവും അംഗീകരിക്കാൻ അതിരൂപതയിലെ വൈദികരും അല്‍മായരും തയാറാകണം. കുപ്രചാരണങ്ങൾ അവസാനിപ്പിക്കണം. സഭയ്ക്കകത്തു നൽകുന്ന കത്തുകൾ പര സ്യപ്പെടുത്തി പ്രചരിപ്പിക്കുന്നത് ശരിയല്ല.ബസിലിക്കയിലെ പ്രകടനങ്ങളിലെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ ബാഹ്യ ഇടപെടലുകൾ അന്വേഷിക്കണം.
സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവർക്കെതിരേ കൃത്യമായ നടപടി എടുക്കാൻ സഭാനേതൃത്വം തയാറാകണം. സീറോ മലബാർ സഭ സിനഡ് തീരുമാനവും മാർപാപ്പയുടെ തീരുമാനവും അനുസരിച്ചുള്ള എല്ലാ നടപടികൾക്കും സഭാ സിനഡിനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ.ജോബി കാക്കശേരി, ഭാരവാഹി കളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ, ഡോ. സി.എം. മാത്യു, രാജേഷ് ജോൺ, ബേബി നെട്ടനാനി, ടെസി ബിജു, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ഐപ്പച്ചൻ തടിക്കാട്ട്, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.