Arts

കാല്‍ നൂറ്റാണ്ടായുള്ള പതിവ് തെറ്റിച്ചില്ല: മിഷിഗണില്‍ ആയിരത്തിലധികം തിരുപിറവി രംഗങ്ങളുടെ പ്രദര്‍ശനം

പ്രവാചകശബ്ദം 12-12-2022 - Monday

മിഷിഗണ്‍: കഴിഞ്ഞ കാല്‍ നൂറ്റാണ്ടായിട്ടുള്ള പതിവ് തെറ്റിക്കാതെ അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലെ മിഡ്‌ലാന്‍ഡില്‍ ഇക്കൊല്ലവും തിരുപിറവി രംഗങ്ങളുടെ പ്രദര്‍ശനം നടന്നു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം തിരുപിറവി രംഗങ്ങളാണ് ഇക്കൊല്ലം പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. വിവിധ വലുപ്പത്തിലും, ആകൃതിയിലും, വിവിധ തരത്തിലുള്ള വസ്തുക്കളും കൊണ്ട് നിര്‍മ്മിച്ച തിരുപിറവി ദൃശ്യങ്ങള്‍ പ്രദര്‍ശനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി.

മിഡ്‌ലാന്‍ഡ്‌ മിഷിഗണ്‍ സ്റ്റേക് സെന്ററില്‍ മിന്നിത്തെളിയുന്ന അലങ്കാര ലൈറ്റുകളാല്‍ പ്രത്യേകം അലങ്കരിച്ച 11 മുറികളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയിരുന്നത്. മുറികളുടെ ഭിത്തികളും, മേശകളും യേശു ക്രിസ്തുവിന്റെ ചിത്രങ്ങളാല്‍ മനോഹരമായി അലങ്കരിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. മുന്‍വര്‍ഷത്തെ വിളവെടുപ്പിന് നന്ദിപ്രകാശിപ്പിക്കുന്ന കൃതജ്ഞത പ്രകാശന വാരാന്ത്യത്തിന് ശേഷം വരുന്ന വാരാന്ത്യത്തില്‍ സംഘടിപ്പിച്ച മിഡ്‌ലാന്‍ഡ് പ്രദര്‍ശനത്തിന്റെ ആസൂത്രണത്തിനും, തയ്യാറെടുപ്പുകള്‍ക്കുമായി മണിക്കൂറുകളാണ് ‘ദി ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്സ്’ സമൂഹം ചിലവഴിക്കുന്നത്.

ഇക്കൊല്ലം ഡിസംബര്‍ 2, 3, 4 തിയതികളിലാണ് പ്രദര്‍ശനം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രദര്‍ശനത്തിനു പിന്നാലേ നിരവധി പേര്‍ തങ്ങളോട് നന്ദി പറഞ്ഞുവെന്നു മിഡ്‌ലാന്‍ഡ് നേറ്റിവിറ്റി എക്സിബിറ്റ് കമ്മിറ്റി അംഗമായ ബാര്‍ബറ കെയില്‍ പറയുന്നു. തോളോടുതോള്‍ ചേര്‍ന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും കമ്മിറ്റിയിലെ മനോഹരമായ അനുഭവമായിരുന്നെന്നും മറ്റൊരംഗമായ മെലിസ വാള്‍ പറഞ്ഞു. മിഷിഗണ്ണിലെ ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാണ് തിരുപിറവി രംഗങ്ങളുടെ മെഗാ പ്രദര്‍ശനം.


Related Articles »