News - 2024
കര്‍ത്താവിന്റെ പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണ്: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 13-12-2022 - Tuesday
വത്തിക്കാന്‍ സിറ്റി: ദൈവം ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണെന്നും അവിടുത്തെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (11/12/22) മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരിന്നു പാപ്പ. നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ് ദൈവത്തിന്റെ പ്രവര്‍ത്തിയെന്നു പാപ്പ പറഞ്ഞു. ദൈവം എപ്പോഴും നാം സങ്കൽപ്പിക്കുന്നതിനേക്കാൾ വലിയവനാണെന്ന് മനസ്സിലാക്കണം. അവൻ ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണ്; അവൻറെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണ്, അത് നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ്; അതിനാൽ നാം അവനെ അന്വേഷിക്കുന്നതും അവൻറെ യഥാർത്ഥ അധരമായി മാറുന്നതും ഒരിക്കലും അവസാനിപ്പിക്കരുത്.
ചിലപ്പോൾ കർത്താവിൻറെ പുതുമയെ തിരിച്ചറിയാൻ കഴിയാതെ, ഒരു ആന്തരിക തടവറയിൽ, സ്നാപകന്റെ അവസ്ഥയിൽ ആയിപ്പോകാം, കർത്താവിനെ നാം, അവിടത്തെക്കുറിച്ച് സകലവും അറിയാമെന്ന നമ്മുടെ അനുമാനത്തിൻറെ തടവുകാരനാക്കുന്നു. സഹോദരീസഹോദരന്മാരേ, ഒരാൾക്ക് ഒരിക്കലും ദൈവത്തെക്കുറിച്ച് 'എല്ലാം' അറിയില്ല, ഒരിക്കലും! നമ്മുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും മാനിച്ചുകൊണ്ട് എപ്പോഴും ഇടപെടുന്ന, എളിമയുടെയും സ്നേഹത്തിൻറെയും ദൈവത്തെക്കാൾ, വിനീതമായ സൗമ്യതയുടെ ദൈവത്തെക്കാൾ, താൻ ആഗ്രഹിക്കുന്നത് ചെയ്യുന്ന ശക്തനായ ഒരു ദൈവമാണ് നമ്മുടെ ചിന്തയിലുള്ളത്. ചട്ടക്കൂടുകളിൽ നിന്നും ദൈവത്തോടും സഹോദരങ്ങളോടുമുള്ള ചില മുൻവിധികളിൽ നിന്നും പുറത്തുകടക്കാനുള്ള സമയമാണ് ആഗമന കാലമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.