News - 2024

കാസര്‍ഗോഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ 'പുല്‍ക്കൂടില്‍ അസ്വസ്ഥത'; രൂപങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

പ്രവാചകശബ്ദം 23-12-2022 - Friday

കാസർകോട്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കാസർകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച പുൽക്കൂട്ടിലെ തിരൂപിറവി രൂപങ്ങള്‍ എടുത്തുമാറ്റിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്‍ക്കൂടാണ് മൂളിയാർ സ്വദേശി മുസ്തഫ അബ്ദുള്ള നീക്കം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ ആശുപത്രിയിൽ പുൽക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു മുസ്തഫ പുൽക്കൂട് നശിപ്പിച്ചത്.

കൈയിൽ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാൾ ഉണ്ണിയേശുവിന്റെയും തിരുകുടുംബത്തിന്റെയും രൂപങ്ങള്‍ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. വീഡിയോ ഷൂട്ട് ചെയ്ത വ്യക്തിയോട് ഇദ്ദേഹം പേരും സ്ഥലവും മൊബൈല്‍ നമ്പറും നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ വിഷയത്തിന്റെ നിജസ്ഥിതി അറിയാന്‍ വിളിച്ചവരെ മുസ്തഫ ധാര്‍ഷ്ട്യത്തോടെ ചോദ്യം ചെയ്യുന്നതും ക്രിസ്തീയ വിശ്വാസത്തെ ഇകഴ്ത്തി കാണിക്കാന്‍ പരോക്ഷമായി ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.

ആശുപത്രിയിൽ പുൽക്കൂട് സ്ഥാപിച്ചാൽ അവിടെ വരുന്നവരുടെ രോഗം കൂടുമെന്നും അതിനാലാണ് എടുത്ത് കളഞ്ഞതെന്നും മുസ്തഫ പറയുന്നതിന്റെ ശബ്ദസന്ദേശവും ചര്‍ച്ചയായിരിക്കുകയാണ്. ഓണം പോലെയുള്ള വിവിധ ആഘോഷങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുമ്പോള്‍ യാതൊരു യുക്തിയുമില്ലാതെ ക്രിസ്തുമസ് ആഘോഷത്തെ അവഹേളിച്ച ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് പൊതു സമൂഹത്തില്‍ നിന്നു ഉയരുന്ന ആവശ്യം.


Related Articles »