Faith And Reason - 2024

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് മൂന്നു പതിറ്റാണ്ട്

പ്രവാചകശബ്ദം 23-12-2022 - Friday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ശിരസ്സിലെ പൊൻതൂവലായി വിശേഷിപ്പിക്കപ്പെടുന്ന കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് 30 വർഷം പൂർത്തിയായി. കത്തോലിക്ക സഭയുടെ വിശ്വാസവും, മൂല്യങ്ങളും, പ്രബോധനങ്ങളും ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് മതബോധന ഗ്രന്ഥം. 1992 ഡിസംബർ ഏഴാം തീയതിയാണ് ഗ്രന്ഥത്തിന്റെ പ്രകാശനം പാപ്പ നടത്തുന്നത്. ബൈബിളിനും, സഭാ പാരമ്പര്യത്തിനും, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾക്കും അനുസൃതമായി വിശ്വാസപാഠങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാനുള്ള തന്റെ ആഗ്രഹം മതബോധന ഗ്രന്ഥം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പാപ്പ പ്രകടിപ്പിച്ചിരുന്നു.

1985ൽ സിനഡ് പിതാക്കന്മാർ നടത്തിയ ഒരു അഭ്യർത്ഥനയെ തുടർന്നാണ് 1986ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ മതബോധന ഗ്രന്ഥം തയ്യാറാക്കാൻ പ്രഗൽഭരായ പണ്ഡിതരെ ഉൾപ്പെടുത്തി ഒരു കമ്മീഷന് രൂപം നൽകുന്നത്. പിന്നീട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി ഉയര്‍ത്തപ്പെട്ട ജോസഫ് റാറ്റ്സിങറും കമ്മീഷനിലെ ഒരു അംഗമായിരുന്നു. വിവിധ സിനഡുകളുടെയും, മെത്രാൻ സമിതികളുടെയും, മെത്രാന്മാരുടെയും അഭിപ്രായം കേട്ടതിനുശേഷമാണ് കമ്മീഷൻ അംഗങ്ങൾ മതബോധന ഗ്രന്ഥത്തിന് തയ്യാറാക്കിയത്. ആറു വർഷങ്ങൾക്ക് ശേഷം വിശദമായ വിശകലനങ്ങള്‍ക്ക് ഒടുവില്‍ ജോൺപോൾ രണ്ടാമന്‍ മാർപാപ്പ ഇതിന് ഔദ്യോഗികമായ അംഗീകാരം നൽകി. കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥത്തിന്റെ മലയാള പരിഭാഷ 2005-ലാണ് പ്രസിദ്ധീകരിച്ചത്.

പ്രസിദ്ധീകരണത്തിന് ശേഷം വളരെ ചെറിയ മാറ്റങ്ങൾ മാത്രമേ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ വരുത്തിയിട്ടുള്ളൂ. മതബോധന ഗ്രന്ഥത്തിലെ 2267ആം ഖണ്ഡികയിൽ ഒരു സാഹചര്യത്തിലും വധശിക്ഷ അനുവദനീയമല്ല എന്ന് നിഷ്കർഷിക്കുന്ന തിരുത്തൽ 2018ൽ ഫ്രാൻസിസ് മാർപാപ്പ വരുത്തിയിരുന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നായിരുന്നു ഇതിനു മുന്‍പുള്ള പ്രബോധനം.


Related Articles »