Arts
യേശു അന്ധന് കാഴ്ച നല്‍കാന്‍ ഉപകരണമാക്കിയ സീലോഹ കുളം സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നു
പ്രവാചകശബ്ദം 31-12-2022 - Saturday
ജെറുസലേം: ബൈബിള്‍ കാലഘട്ടത്തില്‍ യഹൂദര്‍ ആചാരപ്രകാരമുള്ള ശുദ്ധികര്‍മ്മങ്ങള്‍ക്കായി സ്നാനം ചെയതിരുന്നതും, യേശു ക്രിസ്തു അന്ധന് കാഴ്ച നല്‍കുവാന്‍ ഉപകരണമാക്കുകയും ചെയ്ത ബൈബിളില്‍ വിവരിക്കുന്ന ജെറുസലേമിലെ സിലോഹ കുളം പൂര്‍ണ്ണമായും കാണുവാനുള്ള സന്ദര്‍ശകരുടെ ആഗ്രഹം ഒടുവില്‍ സഫലമാകുവാന്‍ പോകുന്നു. ചരിത്രപരമായ സിലോഹ കുളം പൂര്‍ണ്ണമായും ഉദ്ഖനനം ചെയ്ത് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുവാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായി ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയും ഇസ്രായേൽ നാഷണൽ പാർക്ക് അതോറിറ്റിയും സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷനും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ജെറുസലേമിലെ സിറ്റി ഓഫ് ഡേവിഡ് നാഷ്ണല്‍ പാര്‍ക്കിലെ സിലോഹാ കുളം അന്താരാഷ്ട്രതലത്തില്‍ തന്നെ ചരിത്ര പ്രാധാന്യമേറിയ സ്ഥലമാണ്.
നീണ്ടകാലത്തിന് ശേഷം ചരിത്രമുറങ്ങുന്ന ഈ സ്ഥലം ജറുസലേമില്‍ എത്തുന്ന ദശലക്ഷകണക്കിന് സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പെട്ടെന്ന് തന്നെ തുറന്നു കൊടുക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജെറുസലേം മേയര്‍ മോഷെ ലിയോണ്‍ പറഞ്ഞു. ചരിത്രപരമായ ഈ സ്ഥലത്തിന്റെ ഉദ്ഖനനം കാണുവാനും സന്ദര്‍ശകര്‍ക്ക് അനുവാദം ഉണ്ടായിരിക്കും. പുരാതനകാലത്ത് ജെറുസലേമിലെ പ്രധാന ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്ന യഹൂദര്‍ സിലോഹാ കുളത്തില്‍ ശുദ്ധികര്‍മ്മങ്ങള്‍ നടത്തുന്നതിനായി എത്തിയ അതേ കാലടികള്‍ പിന്തുടരുവാനാണ് ഇതുവഴി സന്ദര്‍ശകര്‍ക്ക് അവസരമൊരുങ്ങുന്നത്. ദാവീദിന്റെ നഗരത്തിന്റെ ഏറ്റവും തെക്ക് ഭാഗത്തു നിന്നും തുടങ്ങുന്ന തീര്‍ത്ഥാടനപാത പടിഞ്ഞാറന്‍ മതിലിലാണ് അവസാനിക്കുന്നത്.
ഗിഹോണ്‍ നീരുറവയില്‍ നിന്നും ഒഴുകുന്ന വെള്ളം ശേഖരിക്കുവാനുള്ള സംഭരണ സ്ഥലം എന്ന നിലയില്‍ 2700 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് ബി.സി എട്ടാം നൂറ്റാണ്ടില്‍ ഹെസെക്കിയാ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് സിലോഹാ കുളം (2 രാജാക്കന്‍മാര്‍ 20:20). രണ്ടാം ക്ഷേത്ര കാലഘട്ടത്തില്‍ (2,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്) ഈ കുളം പുനരുദ്ധരിക്കുകയും, വിസ്തൃതമാക്കുകയും ചെയ്തുവെന്നാണ് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ പ്രഖ്യാപനത്തില്‍ പറയുന്നത്. ദാവീദിന്റെ നഗരം വഴി ജെറുസലേം ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ എത്തിയിരുന്ന തീര്‍ത്ഥാടകര്‍ ‘മിക്വെ’ എന്ന ആചാരപരമായ സ്നാനത്തിനായി ഈ കുളം ഉപയോഗിച്ചിരുന്നുവെന്ന് ബൈബിളില്‍ പറയുന്നു.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നതനുസരിച്ച് ജന്മനാ അന്ധനായ മനുഷ്യന് യേശു സൗഖ്യം നല്‍കിയ സ്ഥലവും സീലോഹയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. “യേശു പറഞ്ഞു, നീ പോയി സീലോഹ (അയയ്ക്കപ്പെട്ടവന്‍ എന്നര്‍ത്ഥം) കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി കാഴ്ചയുള്ളവനായി തിരികെ വന്നു” (യോഹന്നാന്‍ 9:6-7) എന്നാണ് ബൈബിളില്‍ പറയുന്നത്. 1890കളില്‍ ഈ കുളത്തിലേക്കുള്ള ചില കല്‍പ്പടവുകള്‍ അമേരിക്കന്‍-ബ്രിട്ടീഷ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 1960-കളില്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകയാണ് സീലോഹ കുളം കണ്ടെത്തിയത്.