India - 2025
അർത്തുങ്കൽ തിരുനാളിന് 10നു കൊടിയേറും
പ്രവാചകശബ്ദം 08-01-2023 - Sunday
ചേർത്തല: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം പെരുന്നാൾ 10 മുതൽ 27 വരെ ആഘോഷിക്കും. ബസിലിക്കയുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു റെക്ടർ ഫാ.സ്റ്റീഫൻ ജെ. പുന്നയക്കൽ, ഫാ. സെലസ്റ്റിൻ പുത്തൻപുരയ്‌ക്കൽ, ഫാ. ജോർജ് ബിബിലൻ ആറാട്ടുകുളം, ഫാ.റിനോയ് കാട്ടിപ്പറമ്പിൽ, ജോസി സ്റ്റീഫൻ, ടോമി ചന്നപ്പൻ, ബിബിൻ പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊടിയേറ്റ ദിനമായ 10ന് പാലായിൽ നിന്നും പ്രാർത്ഥനാപൂർവം തിരുനാളിന് ഉയർത്തുവാനുള്ള കൊടി എത്തിച്ചേരും. തുടർന്ന് വൈകുന്നേരം 5.30നു ബീച്ച് കുരിശടിയിൽനിന്നു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കൊടി ദേവാലയത്തിൽ എത്തിക്കും. 30നു നടക്കുന്ന കൊടിയേറ്റിന് ആലപ്പുഴ രൂപത മെത്രാൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഏഴിനു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് 11 വരെ ദിവസേന രാവിലെയും വൈകുന്നേരവും ദിവ്യബലിയുണ്ടാകും.
18നു പുലർച്ചെ അഞ്ചിനാണ് തിരുസ്വരൂപ നടതുറക്കൽ. തുടർന്നുള്ള ദിവസങ്ങളിൽ തുടർച്ചയായി ദിവ്യബലിയുണ്ടാകും. 20നാണ് തിരുനാൾ ദിനം. രാവിലെ 11ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് തലശരി അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. 4.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ബസിലിക്കയിൽനിന്ന് ആരംഭിച്ച് കടപ്പുറത്തെ കുരിശടിവരെ സഞ്ചരിച്ച് മടങ്ങിയെത്തുന്ന തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ എഴുന്നള്ളത്തിൽ ജനലക്ഷങ്ങൾ പങ്കാളികളാകും.