News

നിക്കരാഗ്വേയിൽ വീട്ടുതടങ്കലിൽ കഴിയുന്ന മെത്രാൻ വിചാരണ നേരിടണമെന്ന് കോടതി

പ്രവാചകശബ്ദം 12-01-2023 - Thursday

മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപതിയായ ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ബിഷപ്പ് റോളാൻഡോ അൽവാരെസ് വിചാരണ നേരിടണമെന്ന് കോടതി. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കോടതിയിൽ നിന്നുണ്ടായത്. സഭയുടെ അധീനതയിലുള്ള കെട്ടിടത്തിൽ തങ്ങിയ മെത്രാനെയും, ഒപ്പം ഉണ്ടായിരുന്ന വൈദികരെയും ഭരണകൂടം അറസ്റ്റ് ചെയ്യുകയായിരുന്നു. മെത്രാനെയും വൈദികരെയും ഇപ്പോൾ കുപ്രസിദ്ധമായ ചിപ്പോട്ടി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ അഖണ്ഡതയെ ദുർബലമാക്കി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന കുറ്റങ്ങളാണ് മെത്രാന് മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ വിചാരണയെന്ന് തുടങ്ങുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. മതഗൽപ്പ രൂപതയുടെ ചുമതലയാണ് ബിഷപ്പ് റോളാൻഡോ അൽവാരെസിനു ഉണ്ടായിരുന്നത്. കത്തോലിക്ക സഭയുടെ മേൽ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെ വിമർശിച്ച് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.

നേരത്തെ നിരവധി വൈദികരെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ വിമർശകനായിരുന്ന സില്‍വിയോ ബായിസ് എന്ന മെത്രാന് ഏതാനും വൈദികരോടൊപ്പം രാജ്യം വിടേണ്ടതായി വന്നിരിന്നു. കത്തോലിക്കാ സഭയ്ക്ക് ഭരണം അട്ടിമറിക്കാനുള്ള പദ്ധതിയാണ് ഉള്ളതെന്നാണ് ഡാനിയൽ ഒർട്ടേഗ ആരോപിക്കുന്നത്. 2018ൽ ഭരണകൂടത്തിനെതിരെ തെരുവിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. 360 ആളുകളാണ് ഈ പ്രതിഷേധ പ്രകടനങ്ങളിൽ മരണമടഞ്ഞത്. വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമം കത്തോലിക്കാ സഭ നടത്തുന്നുണ്ടായിരുന്നു. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നിരവധി സന്യാസിനികളെയും, മിഷണറിമാരെയും ഇതിനോടകം ഭരണകൂടം രാജ്യത്തുനിന്ന് പുറത്താക്കി. കൂടാതെ ചില കത്തോലിക്ക റേഡിയോ, ടിവി സ്റ്റേഷനുകൾക്കും ഭരണകൂടം അടച്ചുപൂട്ടിയതും സമീപകാലത്തു നടന്ന സംഭവമാണ്.

തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് സഭക്കെതിരെ പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചിരിക്കുന്ന ഒര്‍ട്ടേഗ വളരെ മോശം വിശേഷണങ്ങളാണ് മെത്രാന്മാര്‍ക്ക് നല്‍കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ്‌ കരീബിയന്‍ എപ്പിസ്കോപ്പല്‍ സമിതിയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മെത്രാന്‍ സമിതികള്‍, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നിക്കാരാഗ്വേ ഭരണകൂടത്തിന്റെ കിരാത നടപടികളെ ശക്തമായി അപലപിച്ചിരിന്നു.


Related Articles »