India - 2025
വന്യമൃഗ ആക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോര്‍ട്ട് കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം: മാര്‍ ജോസ് പൊരുന്നേടം
പ്രവാചകശബ്ദം 17-01-2023 - Tuesday
മാനന്തവാടി: വന്യമൃഗാക്രമണത്തിൽ മരിച്ച സാലുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന മെഡിക്കൽ റിപ്പോർട്ട് ഉയർത്തിപ്പിടിച്ച് പരേതന്റേത് സ്വഭാവിക മരണമാണ് എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയമാണെന്നു മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം. രൂപതയുടെ പബ്ലിക് റിലേഷൻസ്, ജാഗ്രതാ സമിതികളുടെ സംയുക്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. വന്യമൃഗാക്രമണത്തിൽ മരിച്ച സാലുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന മെഡിക്കൽ റിപ്പോർട്ട് ഉയർത്തിപ്പിടിച്ച് പരേതന്റേത് സ്വഭാവിക മരണമാണ് എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയമാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി.
വയനാടിന്റെ ഒട്ടുമിക്കവാറും പ്രദേശങ്ങൾ വന്യമൃഗാക്രമണ ഭീഷണിയിലാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നു. മുൻപ് വനപ്രദേശത്തും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു ഇതനുഭവപ്പെട്ടിരുന്ന തെങ്കിൽ ഇന്നത് വനവുമായി അടുത്ത ബന്ധമില്ലാത്തതും വനാതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ ദൂരെയുള്ളതുമായ ജനവാസകേന്ദ്രങ്ങളിലും, നഗര പ്രദേശങ്ങളിലും വരെ അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. വന്യമൃഗാക്രമണങ്ങ ളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും അക്രമണമേറ്റ മനുഷ്യന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കു ന്നതിലും ഭരണകൂടങ്ങൾ ദയനീയമായി പരാജയപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം പുതുശ്ശേരിയിൽ കടുവയുടെ അക്രമണത്തിൽ പ്രദേശവാസിയായ സാലു മരണമടഞ്ഞ സാഹചര്യം.
വനത്തിൽ നിന്ന് ഏറെ അകലെയായിരിക്കുന്ന സ്വന്തം കൃഷിയിടത്തിൽ വച്ച് കടുവ ആക്രമിച്ചിട്ടും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. എന്നാൽ ആ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച സാലുവിന്റെ ജീവൻ നിലനിർത്തുന്നതിനാവശ്യമായ ആധുനിക ചികിത്സയോ, പ്രധാന പ്പെട്ട സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമോ നിശ്ചിതസമയത്തിനുള്ളിൽ ICU ആംബുലൻസോ അദ്ദേഹത്തിന് ലഭ്യമായില്ല എന്ന പൊതുജനങ്ങളുടേയും ബന്ധുക്കളുടേയും ആരോപണത്തിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്.
അതിനൊന്നും ശ്രമിക്കാതെ, വന്യമൃഗത്തിന്റെ അക്രമണത്തിൽ ശരീരത്തിലെ രക്തം മുഴുവൻ നഷ്ടപ്പെട്ട് മരിച്ച മനുഷ്യന് ഹാർട്ട് അറ്റാക്ക് വന്നാണ് മരിച്ചതെന്ന വനം വകുപ്പിന്റെ ആദ്യം മുതലേയുള്ള വ്യാജ പ്രചരണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സ്ഥീരികരണം കൊടുക്കുന്നത് ജനപക്ഷത്തു നില്ക്കേണ്ട ജനപ്രതിനിധികളും മന്ത്രിമാരും സാലുവിനോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്. ഈ റിപ്പോർട്ട് ചികിത്സാ രംഗത്തെ സംവിധാനങ്ങളുടെ അപര്യാപ്തത മറയ്ക്കാനും, വർദ്ധിച്ചു വരുന്ന വന്യമൃഗാക്രമണങ്ങളേക്കുറിച്ചുള്ള ചർച്ചകളുടെ ഗതി മാറ്റുന്നതിനുള്ള ശ്രമങ്ങളുമായേ കാണാൻ കഴിയു. ഇത് ശരിയായ സമീപനമല്ല. അതിനാൽ തന്നെ വയനാട്ടിലെ പൊതുസമൂഹം ഈ റിപ്പോർട്ടിന് തീർത്തും വിശ്വാസ്യത കല്പിക്കുന്നില്ല. മാനന്തവാടി രൂപതാധ്യക്ഷൻ എന്ന നില്ക്കും ഈ രാജ്യത്തു ജീവിക്കുന്ന ഒരു പൗരൻ എന്ന നിലയ്ക്കും പൊതുസമൂഹത്തിന് വേണ്ടി സർക്കാർ ചില കാര്യങ്ങള്‍ അടിയന്തിരമായി അടിയന്തിരമായി നടപ്പിലാക്കണമെന്നും ബിഷപ്പ് പറഞ്ഞു.
1. നിലവിലെ അന്വേഷണ റിപ്പോർട്ട് സ്വീകാര്യമല്ലാത്തതിനാൽ സാലുവിന് വന്യമൃഗാക്രമണം ഏൽക്കാനിടയായതും അദ്ദേഹത്തിന് ആവശ്യമായ ആധുനിക ചികിത്സാസൗകര്യങ്ങൾ ലഭ്യമാകാതിരുന്നതുമായ സാഹചര്യങ്ങളെ ക്കുറിച്ച് അന്വേഷിക്കുന്നതിന് ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനെ സർക്കാർ നിയമിക്കണം.
2. സാലുവിന്റെ കുടുംബത്തിനു നല്കിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കണം.
3. മെഡിക്കൽ കോളേജ് എന്ന പേരുകൊണ്ട് മാത്രം വയനാട്ടുകാരെ തൃപ്തിപ്പെടുത്താതെ എല്ലാ അവശ്യഡിപ്പാർട്ടുമെൻറുകളും, അവക്ക് ആവശ്യമായ ഡോക്ടർമാരുടെ സേവനവും, ആധുനികചികിത്സാരീതികളും താമസംവിനാ വയനാട് മെഡിക്കൽ കോളേജിൽ ആരംഭിക്കണം.
സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം, രൂപതാ സഹായമെത്രാൻ ബിഷപ്പ് അലക്സ് താരാമംഗലം, വികാരി ജനറാൾ ഫാ. പോൾ മുണ്ടോളിക്കൽ, രൂപതാ പി.ആർ.ഓ. ഫാ. ജോസ് കൊച്ചറക്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സാലു അബ്രഹാം മേച്ചേരിൽ, ജോസ് പള്ളത്ത് രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, ഫാ. നോബിൾ പാറക്കൽ എന്നിവർ പങ്കെടുത്തു.