News

3 വർഷത്തിനിടെ കത്തോലിക്ക സന്നദ്ധ സംഘടന യുക്രൈന് നല്‍കിയത് 25 മില്യൺ യൂറോയുടെ സഹായം

പ്രവാചകശബ്ദം 26-02-2025 - Wednesday

കീവ്: 2022 ഫെബ്രുവരി 24ന് യുക്രൈനു നേരെ റഷ്യന്‍ അധിനിവേശ ആക്രമണം ആരംഭിച്ചത് മുതല്‍ ഇതുവരെ മൂന്ന് വർഷത്തിനിടെ കത്തോലിക്ക സന്നദ്ധ സംഘടനയായ 'എ‌സി‌എന്‍' യുക്രൈന് നല്‍കിയത് 25 മില്യൺ യൂറോയുടെ സഹായം. വലിയ തോതിലുള്ള അധിനിവേശത്തിനു ശേഷം 977 പ്രോജക്റ്റുകൾക്ക് അംഗീകാരം നൽകുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ‌സി‌എന്‍) പ്രസ്താവനയില്‍ അറിയിച്ചു. റഷ്യന്‍ ആക്രമണങ്ങള്‍ക്കിടെ നിലനില്‍പ്പിനു വേണ്ടി പോരാടിയിരിന്ന രാജ്യത്തു കത്തോലിക്കാ സഭയെ സഹായിക്കാൻ സംഘടന തുക ലഭ്യമാക്കിയിരിന്നു.

17 ഗ്രീക്ക് കത്തോലിക്ക എക്സാർക്കേറ്റുകളും രാജ്യത്തെ ഏഴ് ലാറ്റിൻ കത്തോലിക്കാ രൂപതകളും ഉൾപ്പെടെ ഗ്രീക്ക് കത്തോലിക്ക, ലാറ്റിൻ കത്തോലിക്ക സഭകൾക്കു സംഘടന സഹായം ലഭ്യമാക്കി. കുടിയിറക്കപ്പെട്ട ആളുകൾക്കു സഹായം ലഭ്യമാക്കുന്നതിലായിരിന്നു ആദ്യ ഘട്ടത്തില്‍ സംഘടന ശ്രദ്ധ പുലര്‍ത്തിയിരിന്നത്. തുടര്‍ന്നു രാജ്യത്തെ അജപാലന പരിപാലനത്തിനു സംഘടന ഊന്നൽ നൽകി. വൈദികർക്കും സന്യസ്തര്‍ക്കുമുള്ള ഉപജീവന സഹായം, വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലനം, ട്രോമ കെയർ, തുടങ്ങിയ മേഖലകള്‍ക്കായാണ് സംഘടന സഹായം നല്‍കിയത്.

2024-ൽ, 1472 രൂപത വൈദികരെയും 1,380 സന്യസ്തരെയും 60 സന്യാസ സമൂഹങ്ങളിലെ വൈദികരെയും 19 ഡീക്കൻമാരെയും എസിഎൻ പിന്തുണച്ചു. 768 സെമിനാരി വിദ്യാര്‍ത്ഥികൾക്ക് അവരുടെ രൂപീകരണത്തിൽ പിന്തുണ നല്‍കി. വേനൽക്കാല വേളയില്‍ 7,200 കുട്ടികളെയും യുവജനങ്ങളെയും യേശുവിലേക്ക് അടുപ്പിക്കുവാന്‍ "ദൈവത്തോടൊപ്പമുള്ള അവധിക്കാലം" എന്ന പാസ്റ്ററൽ ക്യാമ്പുകള്‍ ഒരുക്കി. നാല് സൈക്കോ-സ്പിരിച്വൽ സപ്പോർട്ട് സെൻ്ററുകൾക്ക് സൗകര്യമൊരുക്കുവാനും അജപാലനത്തിനും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിനും 58 വാഹനങ്ങള്‍ വാങ്ങി നല്‍കിയും എ‌സി‌എന്‍ യുക്രൈനോടുള്ള തങ്ങളുടെ അടുപ്പം പ്രകടിപ്പിച്ചു. യുദ്ധം ആരംഭിച്ചത് മുതല്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം വത്തിക്കാനില്‍ നിന്നും യുക്രൈന് നിരവധി തവണ സഹായം ലഭ്യമാക്കിയിരിന്നു.


Related Articles »