News - 2024
ഭൂകമ്പ ബാധിതർക്ക് സഹായവുമായി റോം രൂപത
പ്രവാചകശബ്ദം 12-02-2023 - Sunday
വത്തിക്കാന്‍ സിറ്റി: അതിശക്തമായ ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവിക്കുന്ന തുർക്കിയ്ക്കും സിറിയയ്ക്കും അടിയന്തിര സഹായം നല്കുന്നതിനു വേണ്ടി റോം രൂപത പ്രത്യേക നാണ്യ നിധി രൂപീകരിച്ചു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് അടിയന്തര സഹായമെന്നോണം 50,000 യൂറോ (44 ലക്ഷത്തിൽപ്പരം രൂപ) റോം രൂപത കാരിത്താസ് സംഘടന വഴി സിറിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായ കർദ്ദിനാൾ മാരിയോ സെനാരിക്ക് അയച്ചുകൊടുത്തതായി റോം വികാരിയാത്ത് പത്രക്കുറിപ്പിൽ അറിയിച്ചു. നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ച, മാർച്ച് 26-ന് റോം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യബലി മദ്ധ്യേ സമാഹരിക്കുന്ന സ്തോത്രക്കാഴ്ച, ഭൂകമ്പബാധിതരോടുള്ള വിശ്വാസികളുടെ ഐക്യദാർഢ്യത്തിന്റെ സമൂർത്തമായ പ്രകടനമെന്നോണം, പൂർണ്ണമായും തുർക്കിയ്ക്കും സിറിയയ്ക്കുമായി നീക്കിവയ്ക്കുമെന്നു വികാരിയാത്ത് അറിയിച്ചു.
അതേസമയം ഇരു രാജ്യങ്ങളിലുമായി ഭൂകമ്പം ജീവന്‍ അപഹരിച്ചവരുടെ സംഖ്യ 25,000 കടന്നു. ഇത് ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നാശാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഇനിയും ആളുകളെ രക്ഷിക്കാമെന്ന പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്. 90000-ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, ഭൂകമ്പ ബാധിത സിറിയയ്ക്കെതിരെയുള്ള ഉപരോധങ്ങൾ താല്ക്കാലികമായി പിൻവലിക്കാനുള്ള അമേരിക്കൻ ഐക്യനാടുകളുടെ തീരുമാനം റോം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സമാധാന പ്രസ്ഥാനമായ വിശുദ്ധ എജീദിയൊയുടെ സമൂഹം സ്വാഗതം ചെയ്തു.