Life In Christ
ഇസ്ലാമിക തീവ്രവാദികളുടെ മുന്നില്‍ പതറാതെ ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് എട്ടുവര്‍ഷം
പ്രവാചകശബ്ദം 15-02-2023 - Wednesday
കെയ്റോ: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയ്ക്കു മുന്നില്‍ പതറാതെ ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തുപിടിച്ചതിന്റെ പേരില്‍ കഴുത്തറുത്തു കൊലയ്ക്കു ഇരയായ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് എട്ടുവര്‍ഷം. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം.
ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇത് ആഗോള തലത്തില്‍ ചര്‍ച്ചയായി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങൾ കണ്ടെത്തി. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍, ഇവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയതു ഇവരുടെ വിശ്വാസ തീക്ഷ്ണത മനസിലാക്കിയതിനാലായിരിന്നു.
ഇതില്‍ മാർട്ടിൻ മോസ്ബാക്ക് , രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായും മനസിലാക്കിയിരിന്നു. ഇത് പുസ്തകത്തിലും പ്രമേയമായി. വർഷങ്ങൾക്ക് ശേഷവും ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ചെറുപ്പക്കാർ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. 21 രക്തസാക്ഷികളും എല്ലാ ക്രൈസ്തവര്‍ക്കും വേണ്ടിയുള്ള വിശുദ്ധരാണെന്ന് 2021-ല്‍ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറില്‍ ഫ്രാൻസിസ് പാപ്പ പറഞ്ഞിരിന്നു. ഇവരുടെ ജീവിതം കേന്ദ്രമാക്കി സിനിമ ഒരുങ്ങുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.