Life In Christ - 2024

ഭൂകമ്പത്തിനു ഇരയായവരുടെ കണ്ണീര്‍ തുടച്ച് ക്രിസ്ത്യന്‍ സംഘടന സമരിറ്റന്‍ പഴ്സിന്റെ ഫീല്‍ഡ് ഹോസ്പിറ്റല്‍

പ്രവാചകശബ്ദം 15-02-2023 - Wednesday

അന്ത്യോക്യ (തുര്‍ക്കി): കനത്ത ഭൂകമ്പത്തിനു ഇരയായ തുര്‍ക്കി ജനതക്ക് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പഴ്സിന്റെ കൈത്താങ്ങ്‌. ചരിത്രപരമായി അന്ത്യോക്യ എന്നറിയപ്പെടുന്ന അന്റാക്യായിലേക്ക് 52 ബെഡുള്ള അടിയന്തിര ഫീല്‍ഡ് ഹോസ്പിറ്റല്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. രണ്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ റൂമുകളും, ഒരു ഫാര്‍മസിയും ഉള്‍പ്പെടുന്നതാണ് ഫീല്‍ഡ് ഹോസ്പിറ്റല്‍. ഹോസ്പിറ്റലിന് പുറമേ, സാനിറ്ററി വസ്തുക്കള്‍, സോളാര്‍ ലൈറ്റുകള്‍, ടാര്‍പ്പോളിന്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 90 മെട്രിക് ടണ്‍ ചരക്കും വഹിച്ചുകൊണ്ടുള്ള 747 ചാര്‍ട്ടേഡ് ഫ്ലൈറ്റ് വ്യാഴാഴ്ച വൈകിട്ടാണ് അറ്റ്‌ലാന്റയില്‍ നിന്നും തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്.

നൂറോളം മെഡിക്കല്‍ വിദഗ്ദരെയും, സാങ്കേതിക വിദഗ്ദരേയും ഉടന്‍ തന്നെ അയക്കുമെന്നും, അവരില്‍ ചിലര്‍ ഇതിനോടകം തന്നെ തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്നും സംഘടനയുടെ അധ്യക്ഷൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം കൂട്ടിച്ചേര്‍ത്തു. പുരാതന റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ അന്ത്യോക്യയില്‍ ഏതാണ്ട് 4,00,000-ത്തോളം ആളുകളാണ് താമസിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് തെക്കന്‍ തുര്‍ക്കിയെയും, സിറിയയെയും പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 7.8, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട പ്രകമ്പനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ഉണ്ടായത്. ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്തു അടിയന്തര സഹായം സമരിറ്റന്‍ പഴ്സ് ലഭ്യമാക്കുകയായിരിന്നു.

കഴിഞ്ഞ ഒരു ദശകമായി പൊളിച്ച് മാറ്റി സ്ഥാപിക്കാവുന്ന അടിയന്തിര ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ രൂപകല്‍പ്പന ചെയ്തു ദുരന്ത ബാധിത രാഷ്ട്രങ്ങളില്‍ സമരിറ്റന്‍ പഴ്സ് സഹായമെത്തിക്കുന്നുണ്ട്. കൊറോണ പകര്‍ച്ചവ്യാധി കാലത്ത് ഇറ്റലി, ബഹാമാസ്, ന്യൂയോര്‍ക്ക് സിറ്റി, ലോസ് ആഞ്ചലസ്, ജാക്ക്സണ്‍, മിസ്സിസ്സിപ്പി, ലെനോയിര്‍, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ സമരിറ്റന്‍ പഴ്സിന്റെ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തത്. ക്രിസ്ത്യന്‍ ഡോക്ടര്‍മാരുടെയും, നേഴ്സുമാരുടെയും, മറ്റ് മെഡിക്കല്‍ വിദഗ്ദരുടെയും സന്നദ്ധസേനക്ക് തന്നെ സംഘടന രൂപം നല്‍കിയിട്ടുണ്ട്. സമരിറ്റന്‍ പഴ്സിനു പുറമേ, വേള്‍ഡ് വിഷന്‍, സെന്‍ഡ് റിലീഫ്, എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ എന്നീ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി തുര്‍ക്കിയിലും സിറിയയിലും സജീവമാണ്.


Related Articles »