India - 2024
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കും
പ്രവാചകശബ്ദം 17-02-2023 - Friday
തിരുവനന്തപുരം: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ മൂന്നു ദിവസം നീളുന്ന സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന പ്രതിനിധി സമ്മേളനം ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എലിസബത്ത് ലിസി അധ്യക്ഷയായിരിക്കും. നാളെ രാവിലെ 10.30നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തുമെന്നു തിരുവനന്തപുരം മേജർ അതിരൂപത കോർപറേറ്റ് മാനേജർ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം നാലിനു ഭാവിസാരഥികളുടെ സാരഥ്യം വഹിക്കുമ്പോൾ എന്ന വിഷയത്തിൽ നടക്കുന്ന പഠന ശിൽപശാലയിൽ പ്രഫ. ജിബി ഗീവർഗീസ് ക്ലാസ് നയിക്കും. റോബിൻ മാത്യു മോഡറേറ്ററാകും. നാളെ രാവിലെ 9.30നു പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ആരംഭിക്കുന്ന റാലി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും. വി.കെ.പ്രശാന്ത് എംഎൽഎ റാലിയുടെ ഫ്ളാഗ് ഓഫ് നിർവ ഹിക്കും. കെസിബിസി വിദ്യാഭാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പൊതുസമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.