News - 2024

ചൈനയില്‍ വ്യാപകമായിരിക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്

പ്രവാചകശബ്ദം 23-02-2023 - Thursday

ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിന് കീഴില്‍ ദേശവ്യാപകമായി ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ മതപീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ചൈന എയിഡ്’ ഫെബ്രുവരി 14-ന് പുറത്തുവിട്ട 63 പേജുകളുള്ള ‘2022-ലെ വാര്‍ഷിക മതപീഡന റിപ്പോര്‍ട്ട്’ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) ക്രൈസ്തവര്‍ക്കും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുമെതിരെയുള്ള തങ്ങളുടെ അടിച്ചമര്‍ത്തല്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. “ക്രിസ്തീയ വിശ്വാസത്തെ കമ്മ്യൂണിസ്റ്റൂവല്‍ക്കരിക്കുക” എന്ന സര്‍ക്കാര്‍ നയം, ചൈനീസ് സംസ്കാരത്തിന്റേയും, ഭാഷയുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ ക്രൈസ്തവരില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022-ല്‍ ഉടനീളം ഡാലിജാന്‍, ജിയാങ്സി, ടോങ്ങുവാന്‍, ഷാന്‍ക്സി എന്നീ പ്രവിശ്യകളിലും മറ്റ് പ്രവിശ്യകളിലുമായി കത്തോലിക്കരുടേത് ഉള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. 2022 ജൂണില്‍ സര്‍ക്കാര്‍ അംഗീകൃത പാട്രിയോടിക് സഭയില്‍ ചേരുവാന്‍ ബിഷപ്പ് ഡോങ്ങ്‌ ബവോലു വിസമ്മതിച്ചതിന്റെ പേരില്‍ ഹെബെയി പ്രവിശ്യയിലെ ഷിജിയാഷുവാങ് നഗരത്തിലെ ദേവാലയം സി.സി.പി ഉദ്യോഗസ്ഥര്‍ തകര്‍ത്തതും, 2022 ആഗസ്റ്റില്‍ തായിയുവാന്‍ രൂപതയിലെ ഗോത്തിക്ക് ശൈലിയിലുള്ള ബെയിഹാന്‍ ദേവാലയവും, അതിന്റെ 40 മീറ്റര്‍ ഉയരമുള്ള മണിമാളികയും തകര്‍ത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സഭ നേതാക്കളെയും, വിശ്വാസികളെയും അറസ്റ്റ് ചെയ്യുവാനും തടവിലാക്കുവാനുമായി അധികാരികള്‍ വ്യാജ കുറ്റപത്രങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ചൈന എയിഡ് ആരോപിച്ചു.

ഇതിനൊക്കെ പുറമേ, ദിവ്യകാരുണ്യ ആരാധനയും, മാമ്മോദീസയും, തീര്‍ത്ഥാടനങ്ങളും, സഭയുടെ ഓണ്‍ലൈന്‍ സേവനങ്ങളും സര്‍ക്കാര്‍ അധികാരികള്‍ അകാരണമായി തടസ്സപ്പെടുത്തുകയാണെന്നും, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാന്‍ പ്രത്യേക നിയമം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മാർച്ചിൽ പ്രാബല്യത്തില്‍ വരുത്തിയ “ഇന്റർനെറ്റ് വിവര സേവനങ്ങൾക്കായുള്ള അഡ്മിനിസ്ട്രേറ്റീവ് നടപടികൾ” വഴി, പരിശീലനവും ലൈസൻസുള്ളതുമായ “ഇന്റർനെറ്റ് റിലീജിയസ് ഇൻഫർമേഷൻ ഓഡിറ്റർമാരെ” നിയമിക്കാൻ സി.സി.പി വ്യവസ്ഥ ചെയ്യുന്നുണ്ട്. വിദേശങ്ങളിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാസ്പോര്‍ട്ട്‌ നിരസിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

More Archives >>

Page 1 of 822