India - 2024
ജീവസമൃദ്ധി പ്രാർത്ഥന പ്രേഷിത സന്ദേശ യാത്രയ്ക്കു ആരംഭം
പ്രവാചകശബ്ദം 01-03-2023 - Wednesday
കൊച്ചി: സീറോ മലബാർ സഭ പ്രോലൈഫ് അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ തീർത്ഥാടന പ്രാർത്ഥനാ കേന്ദ്രങ്ങൾ സന്ദർശിച്ചുള്ള ജീവസമൃദ്ധി -പ്രാർത്ഥന പ്രേഷിത സന്ദേശ യാത്ര വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ പുല്ലുവഴിയിലെ ജന്മഗൃഹത്തിൽ നിന്നും ആരംഭിച്ചു.ഒന്നാം ഘട്ടം ആഗോള പ്രോലൈഫ് ദിനമായ മാർച്ച് 25ന് സമാപിക്കുമെന്ന് പ്രോലൈഫ് അപ്പോസ്തോലേറ്റ് എക്സിക്യൂട്ടിവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 32-രൂപതകളിലെയും പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ, കാരുണ്യസ്ഥാപനങ്ങൾ, അഗതി മന്ദിരങ്ങൾ, സാമൂഹ്യസേവന സ്ഥാപനങ്ങൾ, ആശുപത്രികൾ, ശിശുസംരക്ഷണ സ്ഥാപനങ്ങൾ, മൂക ബധിര, കാഴ്ചപരിമിത പഠന പരിശീലന സംരക്ഷണ സ്ഥാപനങ്ങൾ, നിത്യാരാധനാലയങ്ങൾ, സമർപ്പിത ഭവനങ്ങൾ, സഭാ സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കും.
തെരുവോരങ്ങളിൽ അലയുന്ന സഹോദരങ്ങൾക്ക് സംരക്ഷണം, ഉദരത്തിലെ കുഞ്ഞിന്റെ സംരക്ഷണം-അവകാശങ്ങൾ, ഭ്രുണഹത്യക്ക് എതിരെയുള്ള ബോധവൽക്കരണം, ആത്മഹത്യ, കൊലപാതം തുടങ്ങിയ തിന്മകൾക്കെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുക, മനുഷ്യ ജീവന്റെ സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹികളെ ആദരിക്കുക, കുട്ടായ്മകൾ സംഘടിപ്പിക്കുക, മതമൈത്രിയിലൂടെ ജീവന്റെ സംരക്ഷണം, ഇങ്ങനെ നിരവധി സന്ദേശങ്ങളും പദ്ധതികളും ജീവസമൃദ്ധി സന്ദേശ യാത്രയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.
ജീവന്റെ സമൃദ്ധിയും ജീവന്റെ സമഗ്ര സംരക്ഷണവും വ്യക്തമാക്കുന്ന പ്രോലൈഫ് സന്ദേശം സഭയിലും പൊതുസമൂഹത്തിൽ വ്യാപകമാക്കുകയാണ് സന്ദേശയാത്ര ലക്ഷ്യം വയ്ക്കുന്നത്. കൂടുതൽ മക്കളുള്ള യുവതലമുറയിലെ കുടുംബങ്ങൾ സന്ദർശിച്ചു, അവരോടൊത്ത് പ്രാർത്ഥിക്കുവാനും, കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാക്കുവാനും ശ്രമിക്കും. കേരളത്തിൽ ഒരു ലക്ഷം പ്രോലൈഫ് പ്രേഷിത കുടുംബങ്ങളെങ്കിലും രൂപപ്പെടുത്തുകയാണ് മറ്റൊരു ലക്ഷ്യം.