News
ഹംഗറിയില്‍ ഫ്രാന്‍സിസ് പാപ്പക്കു ആവേശകരമായ സ്വീകരണം
പ്രവാചകശബ്ദം 28-04-2023 - Friday
ബുഡാപെസ്റ്റ്: ത്രിദിന അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഹംഗറിയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കു ഭരണകൂടത്തിന്റെയും സഭാപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആവേശകരമായ സ്വീകരണം. തന്റെ നാല്‍പ്പത്തിയൊന്നാമത് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ബുഡാപെസ്റ്റ് ഫെറൻക് ലിസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പയെ ഹംഗേറിയൻ ഉപ പ്രധാനമന്ത്രി സോൾട്ട് സെംജെനും മറ്റ് നേതാക്കളും മെത്രാന്മാരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ സ്വീകരിച്ചു. ഇതിന് പിന്നാലെ സാൻഡോർ പാലസിൽ ഹംഗേറിയന്‍ പ്രസിഡന്‍റ് കാറ്റലിന്‍ നൊവാക്കിന്റെയും പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെയും സാന്നിധ്യത്തില്‍ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങും പ്രൗഢഗംഭീരമായിരിന്നു.
രാഷ്ട്രപതിയുടെ മന്ദിരത്തിനു മുന്നിൽ കാറിൽ വന്നിറങ്ങിയ പാപ്പയെ പ്രസിഡൻറ് കാറ്റലിന്‍ നൊവാക്ക് മന്ദിരാങ്കണത്തിൽ വച്ച് സ്വീകരിച്ചു. തുടർന്ന് വത്തിക്കാൻറെയും ഹംഗറിയുടെയും പ്രതിനിധി സംഘങ്ങളെ പ്രസിഡൻറിനും പാപ്പായ്ക്കും പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. ഇതിന് ശേഷം പാപ്പാ അന്നാടിൻറെ പതാക വന്ദനം നടത്തി. തുടർന്ന് ആദ്യം വത്തിക്കാൻറെയും ഹംഗറിയുടെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻറ് അഭിവാന്ദനം ചെയ്തു. സൈനികോപചാരം സ്വീകരിച്ചതിനുശേഷം പാപ്പായും പ്രസിഡൻറും മന്ദിരത്തിനകത്തേക്കു പോയി. മന്ദിരത്തിനകത്തെത്തിയ പാപ്പായും പ്രസിഡൻറും ഔപചാരിക ഫോട്ടോസെഷന് നിന്നു. അതിനു ശേഷം പാപ്പ, വിശിഷ്ട വ്യക്തികൾ സന്ദർശനക്കുറിപ്പ് രേഖപ്പെടുത്തുന്ന പുസ്തകത്തിൽ ഒപ്പുവെച്ചു.
നേരത്തെ വത്തിക്കാനിൽ നിന്ന് യാത്രപുറപ്പെടുന്നതിനു മുമ്പ് പാപ്പ, പാർപ്പിടരഹിതരും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പരിസരങ്ങളിലായി അന്തിയുറങ്ങുന്നവരുമായ പതിനഞ്ചുപേരുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള വിഭാഗത്തിൻറെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്ക്കിയാണ് ഇവരെ കൂടിക്കാഴ്ചയ്ക്കായി “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ എത്തിച്ചത്. ഫ്രാൻസിസ് പാപ്പ ഇത് രണ്ടാം തവണയാണ് ഹംഗറിയിലെത്തുന്നത്. അന്‍പത്തിത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ച് 2021 സെപ്റ്റംബറിലായിരുന്നു ആദ്യ സന്ദർശനം. താൻ 2021-ൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ചു നടത്തിയ യാത്രയുടെ പൂർത്തികരണമാണ് ഈ അപ്പസ്തോലിക സന്ദർശനമെന്ന് പാപ്പ ഇക്കഴിഞ്ഞ ഞായറാഴ്ച പറഞ്ഞിരിന്നു.
