News - 2024
സുഡാനില്‍ ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുത്തുകൊണ്ടിരിന്ന മെത്രാനും വൈദികരും റോക്കറ്റ് ആക്രമണത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പ്രവാചകശബ്ദം 04-05-2023 - Thursday
ഖാര്‍തും: സുഡാനി സൈന്യവും, അര്‍ദ്ധസൈനീക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍.പി.എഫ്) തമ്മില്‍ നടന്ന പോരാട്ടത്തില്‍ റോക്കറ്റ് ബുള്ളറ്റ് ആക്രമണത്തില്‍ മെത്രാനും വൈദികരും അത്ഭുതകരമായി രക്ഷപ്പെട്ടു. എല്‍-ഒബെയ്ദ് രൂപതയിലെ മേരി ക്വീന്‍ ഓഫ് ആഫ്രിക്ക കത്തീഡ്രലിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും ആളപായമില്ല. എല്‍-ഒബെയ്ദ് മെത്രാന്‍ ടോംബെ ട്രില്ലേയും, മറ്റ് വൈദികരും ദേവാലയത്തിനകത്ത് ദിവ്യകാരുണ്യത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കമ്പോഴാണ് സംഭവം നടന്നത്. ആദ്യ റോക്കറ്റ് പള്ളിമേടയിലും, രണ്ടാമത്തെ ദേവാലയ കവാടത്തിലും വീണ് പൊട്ടിത്തെറിക്കുകയായിരിന്നു.
ഏറ്റവും ചുരുങ്ങിയത് രണ്ട് റോക്കറ്റ് ബുള്ളറ്റുകള്‍ എങ്കിലും കത്തീഡ്രലില്‍ പതിച്ചിട്ടുണ്ടെന്നു സുഡാനീസ് ആന്‍ഡ് സൗത്ത് സുഡാനീസ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ (എസ്.എസ്.എസ്.സി.ബി.സി) സെക്രട്ടറി ജനറല്‍ ഫാ. പീറ്റര്‍ സുലൈമാന്‍ വെളിപ്പെടുത്തി. ദൈവത്തിന്റെ വലിയ പരിപാലനക്ക് നന്ദി പറയുകയാണെന്ന് ഫാ. പീറ്റര്‍ സുലൈമാന്‍ പറഞ്ഞു. സംഘര്‍ഷം തുടരുന്നുണ്ടെങ്കിലും മെത്രാനും വൈദികരും ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. സൈനീക ബറാക്കുകള്‍ക്ക് സമീപം കഴിയുന്ന സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ കന്യാസ്ത്രീകളെ അവിടെ നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
സുഡാനിലെ സംഘര്‍ഷം ചരിത്രപരമായ കെട്ടിടങ്ങളുടെ നാശത്തിനു കാരണമാകുന്നുണ്ടെന്ന്‍ ചൂണ്ടിക്കാട്ടിയ മെത്രാന്‍ സമിതി ജനറല്‍ സെക്രട്ടറി, സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആഹ്വാനം ചെയ്തു. 2019-ല്‍ സുഡാനി പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ അട്ടിമറിയിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ശേഷം സുഡാന്റെ ഭരണം പിടിച്ചടക്കുന്നതിനായി സൈനീക മേധാവി അബ്ദേല്‍ ഫത്താ അല്‍ ബുര്‍ഹാനും, രാജ്യത്തിനെ ഡെപ്യൂട്ടിയും അര്‍ദ്ധസൈനീക വിഭാഗമായ ‘ആര്‍.എസ്.എഫ്’ന്റെ തലവനുമായ ജനറല്‍ മൊഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മിലുള്ള കിടമത്സരമാണ് യുദ്ധമായി പരിണമിച്ചിരിക്കുന്നത്. അതേസമയം ഭക്ഷണവും, വെള്ളവും അടക്കമുള്ള ക്ഷാമം രാജ്യത്തു രൂക്ഷമാകുകയാണ്.