News

രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനപരമ്പര അൻപതാമത്തെ ക്ലാസിലേക്ക്; ശനിയാഴ്ച നടക്കുന്ന ക്ലാസിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യവും

പ്രവാചകശബ്ദം 02-05-2023 - Tuesday

കത്തോലിക്ക വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് വെളിച്ചം പകർന്ന്, സമഗ്ര തിരുസഭ പ്രബോധനങ്ങളുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന 'രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനപരമ്പര' അൻപതാമത്തെ ക്ലാസിലേക്ക്. ഈ വരുന്ന ശനിയാഴ്ച നടക്കുന്ന (മെയ് 6) അന്‍പതാമത്തെ ക്ലാസില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മഹനീയ സാന്നിദ്ധ്യമുണ്ടെന്നത് ശ്രദ്ധേയമാണ്. 2021 ഫെബ്രുവരി 20നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്നെയാണ് പഠനപരമ്പര ഉദ്ഘാടനം ചെയ്തത്. പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവും ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടറുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ നയിക്കുന്ന സുദീര്‍ഘമായ ഈ പഠനപരമ്പര ഇന്ന് ആയിരങ്ങള്‍ക്ക് വിശ്വാസ വെളിച്ചമാണ്.

1962 ഒക്ടോബര്‍ 11-ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ കാലത്ത് ആരംഭിച്ച് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ പൂര്‍ത്തിയാക്കിയ ആഗോള കത്തോലിക്ക സഭയുടെ 21-മത് സാര്‍വ്വത്രിക സൂനഹദോസായിരിന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. തിരുസഭ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കഴിഞ്ഞ വര്‍ഷം ആറ് പതിറ്റാണ്ട് പിന്നിട്ടിരിന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പല ഭാഗങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സത്യ വിശ്വാസം അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2021-ല്‍ പ്രവാചകശബ്ദം ടീം, ഓണ്‍ലൈന്‍ പഠനപരമ്പര ആരംഭിച്ചത്. ഫാ. ഡോ. അരുണ്‍ കലമറ്റത്തിലിന്റെ ലളിതവും ആഴത്തിലുമുള്ള വിശദീകരണങ്ങള്‍ അനേകര്‍ക്ക് വിശ്വാസ വെളിച്ചമായി. വിവിധ കള്‍ട്ട് ഗ്രൂപ്പുകളുടെ പിടിയിലകപ്പെട്ട് തിരുസഭയില്‍ നിന്നു അകന്നു കഴിഞ്ഞ അനേകം പേര്‍ക്കു സത്യ വിശ്വാസത്തിലേക്ക് തിരിച്ചുവരുവാന്‍ ക്ലാസ് സഹായകരമായെന്നു നിരവധിപേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ZOOM-ല്‍ നടക്കുന്ന പഠനപരമ്പരയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ വൈദികരും സന്യസ്തരും അല്‍മായരും അടക്കം നൂറുകണക്കിനാളുകളാണ് പങ്കുചേരുന്നത്. സെമിനാരികളിലും സന്യസ്ത ഭവനങ്ങളിലും കൂട്ടമായും കുടുംബാംഗങ്ങള്‍ ഒരുമിച്ചും തത്സമയ ക്ലാസില്‍ പങ്കുചേരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. തത്സമയ സെഷനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി Pravachaka Sabdam യൂട്യൂബ് ചാനലിലൂടെ ക്ലാസ് പിന്നീട് പങ്കുവെയ്ക്കുമ്പോള്‍ ഒരു മണിക്കൂറിലധികം ദൈര്‍ഖ്യം വരുന്ന ക്ലാസ് ശ്രവിക്കുന്നത് ആയിരങ്ങളാണ്.

പഠനപരമ്പരയോട് അനുബന്ധിച്ച് എല്ലാ ക്ലാസുകളിലും സംശയ നിവാരണത്തിനു പ്രത്യേകം അവസരം ഒരുക്കിയത് ഓണ്‍ലൈന്‍ പഠനപരമ്പര ഏറെ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. ഈ വരുന്ന ശനിയാഴ്ച (മെയ് 6) നടക്കുന്ന അന്‍പതാമത്തെ ക്ലാസില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മഹനീയ സാന്നിദ്ധ്യമുണ്ടെന്നത് ശ്രദ്ധേയമാണ്.

അഭിവന്ദ്യ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ ഈ ശനിയാഴ്ച നടക്കുന്ന അന്‍പതാമത്തെ ഓണ്‍ലൈന്‍ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക



More Archives >>

Page 1 of 840