News

ജപമാലയുമായി പുരുഷന്മാര്‍ ഒന്നിക്കുന്നു; ശനിയാഴ്ച നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ മെന്‍സ് റോസറി

പ്രവാചകശബ്ദം 03-05-2023 - Wednesday

വാര്‍സോ: ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പോളണ്ടിലും, അയര്‍ലണ്ടിലും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ച 'പുരുഷന്‍മാരുടെ ജപമാല' (മെന്‍സ് റോസറി) മെയ് 6 ശനിയാഴ്ച നാല്‍പ്പതില്‍പരം രാജ്യങ്ങളിലെ പൊതുസ്ഥലങ്ങളില്‍ നടക്കും. "നമ്മുടെ മാതാവായ കന്യകാമറിയത്തോടുള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഈ പൊതു പ്രകടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരെ ഒരുമിച്ച് കൊണ്ടുവരികയെന്നതാണ്'' മെന്‍സ് റോസറിയിലൂടെ സംഘാടകര്‍ ലക്ഷ്യംവെയ്ക്കുന്നത്. പോളണ്ടില്‍ ആരംഭിച്ച 'മെന്‍സ് റോസറി' പിന്നീട് ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം പ്രചരിക്കുകയായിരുന്നു.

അർജന്റീന, പെറു, പ്യൂർട്ടോ റിക്കോ, കൊളംബിയ, ഗ്വാട്ടിമാല, എൽ സാൽവഡോർ, കോസ്റ്റാറിക്ക, മെക്സിക്കോ, പനാമ, ചിലി, വെനിസ്വേല, ഇക്വഡോർ, പരാഗ്വേ, ഡൊമിനിക്കൻ, ക്യൂബ, ബ്രസീൽ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മെന്‍സ് റോസറി നടക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്ക, പോളണ്ട്, അറബ് എമിറേറ്റ്സ്, ദക്ഷിണാഫ്രിക്ക, സാംബിയ, ബോസ്നിയ-ഹെർസഗോവിന, ഹംഗറി, ഓസ്ട്രിയ, ഫ്രാൻസ്, യുകെ, അയർലൻഡ്, അബുദാബി, ലിത്വാനിയ, ക്രൊയേഷ്യ, യുക്രൈൻ, ഇറ്റലി, നെതർലാൻഡ്സ്, സ്വീഡൻ, ഡെന്മാർക്ക്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ജപമാല സമര്‍പ്പണം നടക്കുമെന്ന് 'എ‌സി‌ഐ പ്രെന്‍സ' റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് നിരവധി രാജ്യങ്ങളും ഈ ശനിയാഴ്ച നടക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു കത്തോലിക്കാ സഭയ്‌ക്കെതിരെ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് സർക്കാരുകൾക്ക് മുന്നില്‍ വലിയ ആഹ്വാനം നടത്തേണ്ടത് പ്രധാനമാണെന്നും ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ക്രിസ്തീയ ഐക്യത്തിന് വലിയ പ്രസക്തിയുണ്ടെന്നും കൊളംബിയയിലെ മെന്‍സ് റോസറി കോർഡിനേറ്റർ ഡേവിഡ് പെരസ് പറഞ്ഞു, ക്രിസ്തീയ വിരുദ്ധ ആശയങ്ങൾക്കെതിരെ കുടുംബത്തിന്റെ സംരക്ഷണത്തിനായും സഭയ്ക്കുവേണ്ടിയും പ്രാർത്ഥിക്കുകയാണെന്നും മറിയത്തിന്റെ വിമലഹൃദയത്തോടുള്ള നിന്ദന അപമാനങ്ങള്‍ക്കുള്ള പരിഹാരമായുമാണ് തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് അർജന്റീനയിലെ സംരംഭത്തിന്റെ കോർഡിനേറ്റർ സെഗുണ്ടോ കരാഫി പറഞ്ഞു. തെരുവ് വീഥികളില്‍ മുട്ടുകുത്തി ജപമാല ചൊല്ലുന്ന പുരുഷന്മാരുടെ വിവിധ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു.

More Archives >>

Page 1 of 840