News

ബുര്‍ക്കിനാഫാസോ ക്രൈസ്തവര്‍ നേരിടുന്നതു സമാനതകളില്ലാത്ത വെല്ലുവിളി, ഏക ആശ്രയം കൂദാശകളും ജപമാലയും; വെളിപ്പെടുത്തലുമായി വൈദികന്‍

പ്രവാചകശബ്ദം 08-05-2023 - Monday

ഔഗാഡൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവര്‍ നേരിടുന്ന കഷ്ടതകളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി കത്തോലിക്ക വൈദികന്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’സംഘടിപ്പിച്ച ഒരു പരിപാടിയില്‍വെച്ചാണ് ഫാ. വെന്‍സെസ്ലാവോ ബെലെം എന്ന വൈദികന്‍ ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും, അവയെ അതിജീവിക്കുവാനുള്ള കത്തോലിക്കരുടെ ആയുധങ്ങളെക്കുറിച്ചും വിവരിച്ചത്. സ്വാതന്ത്ര്യമില്ലാതെ, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീഷണിയുടെ നിഴലില്‍ നിയമവാഴ്ചയില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്ന നിസ്സഹായരായ ക്രിസ്ത്യാനികളുടെ ചിത്രമാണ് ഫാ. ബെലെം തുറന്നുകാട്ടിയത്.

"അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജിഹാദി ആക്രമണങ്ങളെ ഭയന്ന് ദേവാലയങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ആരാധനകള്‍ നടത്തുന്നത്. തട്ടിക്കൊണ്ടുപോകപ്പെടുമെന്ന ഭീഷണിയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുഖം മുഴുവനും മറക്കുന്ന പര്‍ദ്ദ ധരിച്ചുകൊണ്ടാണ് സ്കൂളിലേക്ക് പോകുന്നത്, ഗ്രാമങ്ങളില്‍ പോയി രോഗികളെ ചികിത്സിക്കുന്ന നേഴ്സുമാര്‍ വരെ മുസ്ലീങ്ങളെ പോലെ വസ്ത്രം ധരിക്കേണ്ട അവസ്ഥയാണ്. ആധുനിക രീതിയിലുള്ള സ്കൂളുകള്‍ ആക്രമിച്ച് അതെല്ലാം ഇസ്ലാമിക പഠനകേന്ദ്രങ്ങളാക്കി മാറ്റുവാനാണ് തീവ്രവാദികളുടെ ശ്രമം; തീവ്രവാദി ആക്രമണങ്ങളുടെ പ്രധാന ഇരകളില്‍ ഒന്നു ക്രിസ്ത്യന്‍ സ്കൂളുകളാണ്. അവര്‍ കത്തോലിക്ക സ്കൂളുകള്‍ ആക്രമിക്കുന്നു, ക്രിസ്ത്യാനികളെ പ്രത്യേകിച്ച് വൈദികരെയും, മതബോധകരേയും, പ്രബുദ്ധരായ അത്മായരെയും കൊല്ലുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്യുന്നു. മതം നോക്കാതെ സ്ത്രീകളെ ഭീഷണിപ്പെടുത്തി പര്‍ദ്ദ ധരിപ്പിക്കുന്നു".

രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടത് മുതല്‍ രണ്ടായിരത്തിലധികം സ്കൂളുകളാണ് അടച്ചുപൂട്ടപ്പെട്ടത്. പുറത്തുനിന്നുള്ള സഹായം തടയുന്നതിനായി ക്രൈസ്തവര്‍ ഭൂരിപക്ഷമായ ഗ്രാമങ്ങളിലേക്ക് പോകുന്ന വഴികളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കുന്ന പതിവും ബുര്‍ക്കിനാഫാസോയിലുണ്ട്. തിരിച്ചു വരുമോ എന്ന ഉറപ്പില്ലാത്തതിനാല്‍ പ്രാര്‍ത്ഥിച്ച്, കുമ്പസാരിച്ച്, വിശുദ്ധ കുര്‍ബാന കൈകൊണ്ട ശേഷമാണ് അത്തരം ഗ്രാമങ്ങളിലേക്ക് വൈദികര്‍ പോകാറുള്ളത്. ഈ വര്‍ഷം ജനുവരിയില്‍ കൊലചെയ്യപ്പെട്ട ഫാ. ജാക്കുസ് യാരോ സെര്‍ബോയുടെ കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വന്തം ഇടവകയില്‍വെച്ചു പോലും വൈദികര്‍ ആക്രമിക്കപ്പെടാറുണ്ടെന്നും പറഞ്ഞു.

മൃതസംസ്കാര ചടങ്ങിനായി ഒരു ഗ്രാമത്തിലേക്ക് പോകുന്ന വഴിക്ക് തീവ്രവാദികള്‍ ഫാ. സെര്‍ബോ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി അദ്ദേഹത്തെ വെടിവെച്ച ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു. ഇടവക ദേവാലയത്തിന്റെ തൊട്ടടുത്ത് വെച്ചാണ് ഈ ആക്രമണം നടന്നത്. ഇതുപോലെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിശുദ്ധ കുര്‍ബാന, കൂദാശകള്‍, ജപമാല പ്രാര്‍ത്ഥന, എന്നിവ മാത്രമാണ് ബുര്‍ക്കിനാഫാസോയിലെ ക്രൈസ്തവരുടെ ഏക ആശ്രയം. ബുര്‍ക്കിനാഫാസോയിലെ ക്രൈസ്തവരുടെ കഷ്ടതകള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ എ.സി.എന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വൈദികന്‍ തന്റെ വിവരണം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 841