News

'ഉറുഗ്വേ സഭയുടെ പിതാവ്' ബിഷപ്പ് ജസീന്തോ വെര വാഴ്ത്തപ്പെട്ട പദവിയില്‍

പ്രവാചകശബ്ദം 09-05-2023 - Tuesday

മോൺഡിവീഡിയോ: തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ ഉറുഗ്വേയിലെ സഭയുടെ പിതാവായി അറിയപ്പെടുന്ന ബിഷപ്പ് ജസീന്തോ വെര വാഴ്ത്തപ്പെട്ട പദവിയില്‍. രാജ്യത്തെ ആദ്യത്തെ മെത്രാനായ ബിഷപ്പ് ജസീന്തോയെ മെയ് ആറാം തീയതിയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. കഴിഞ്ഞ ഡിസംബർ മാസമാണ് ബിഷപ്പ് ജസീന്തോയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചത്. പാപ്പയുടെ പ്രതിനിധിയായി എത്തിയ ബ്രസീലിയയിൽ നിന്നുള്ള കർദ്ദിനാൾ പോളോ കോസ്റ്റ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നൽകി. രാജ്യത്തെ ആദ്യത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങ് ആയിരുന്നതിനാൽ വലിയ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും സംഘടിപ്പിക്കപ്പെട്ടത്.

രണ്ട് കർദ്ദിനാളുമാരും, ഏതാനും മെത്രാന്മാരും സഹകാർമികരായിരുന്നു. രാജ്യത്തെ പ്രശസ്ത ഫുട്ബോൾ സ്റ്റേഡിയമായ സെന്റിനാരിയോയിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖരെ കൂടാതെ മഴയെ അവഗണിച്ച് പതിനയ്യായിരത്തോളം വിശ്വാസികളും പങ്കെടുത്തു. ജീവിക്കുന്ന വിശ്വാസത്തിന്റെ ഉദാഹരണമായിരുന്നു ബിഷപ്പ് ജസീന്തോയെന്ന് തന്റെ സന്ദേശത്തിൽ കർദ്ദിനാൾ പോളോ കോസ്റ്റ പറഞ്ഞു. അദ്ദേഹത്തെപ്പോലെ ജീവിക്കാനാണ് കത്തോലിക്കാ വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നതെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.

1813ൽ യൂറോപ്പിൽ നിന്നും യാത്ര പുറപ്പെട്ട ഒരു കപ്പലിലാണ് ജസീന്തോ വെര ജനിക്കുന്നത്. ഉറുഗ്വേയിൽ ആ സമയത്ത് ഉണ്ടായിരുന്ന ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് ആദ്യം ബ്രസീലിലേക്ക് പോയ അദ്ദേഹത്തിന്റെ കുടുംബം പിന്നീടാണ് ഉറുഗ്വേയിലേയ്ക്ക് തിരികെ വരുന്നത്. രാജ്യ തലസ്ഥാനത്തിന് സമീപം കൃഷി ഉപജീവനമാക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരിന്നു. രാജ്യത്ത് സെമിനാരികൾ അക്കാലത്ത് ഇല്ലാതിരുന്നതിനാൽ സമീപരാജ്യമായ അർജന്‍റീനയിലാണ് ജസീന്തോ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇതിന് ശേഷം അദ്ദേഹം ഉറുഗ്വേയിലേയ്ക്ക് തിരികെ മടങ്ങി. പിന്നീട് ലിയോ പതിമൂന്നാമൻ മാർപാപ്പ മോൺഡിവീഡിയോയുടെ ആദ്യത്തെ മെത്രാനായി ജസീന്തോയെ ഉയർത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സുവിശേഷവൽക്കരണ ദൗത്യങ്ങൾക്കാണ് ജസീന്തോ നേതൃത്വം നൽകിയത്. ബിഷപ്പായി നിയമിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള യാത്രകളിൽ അദ്ദേഹം ക്രിസ്തുവിനെ പകരാന്‍ ഏകദേശം 90,000 മൈലുകൾ കാല്‍ നടയായി സഞ്ചരിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 1881 മെയ് 6-ന് മിഷന്‍ യാത്രയ്ക്കിടെ അദ്ദേഹം സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മൃതസംസ്കാര ചടങ്ങിൽ തന്നെ എല്ലാവരും അദ്ദേഹത്തെ വിശുദ്ധൻ എന്ന് അഭിസംബോധന ചെയ്തിരിന്നു.

Tag: Uruguay celebrates beatification of Bishop Jacinto Vera, home-grown saint and father of local church, Bishop Jacinto Vera beatified Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 842