News - 2024

''പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട രാജ്യത്തു കൊല്ലാൻ ഒരു നിയമം''; ദയാവധത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പോർച്ചുഗൽ മെത്രാൻ സമിതി

പ്രവാചകശബ്ദം 20-05-2023 - Saturday

ലിസ്ബണ്‍: പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഫാത്തിമ സ്ഥിതി ചെയ്യുന്ന പോർച്ചുഗലിൽ ദയാവധവും പിന്തുണയോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയതിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് ദേശീയ മെത്രാൻ സമിതി. വൈദ്യസഹായത്തോടെയുള്ള ദയാവധത്തിന് പാർലമെന്‍റ് അംഗീകാരം നൽകിയതിനെ തുടർന്ന് മെയ് പതിമൂന്നാം തിയതിയാണ് നിയമം പ്രാബല്യത്തിലായത്. വളരെ ദുഃഖമുണ്ടെന്നും പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട രാജ്യത്തിൽ കൊല്ലാൻ ഒരു നിയമം നടപ്പിലാക്കിയെന്നും പോർച്ചുഗീസ് മെത്രാന്മാർ പ്രസ്താവിച്ചു.

ദയാവധം നിയമവിധേയമാക്കുന്നതോടെ മനുഷ്യ ജീവന്റെ അലംഘനീയതയുടെ അടിസ്ഥാന തത്വം തകർക്കപ്പെടുകയും ഒരു വ്യക്തിക്ക് മരിക്കാന്‍ ആവശ്യപ്പെടാൻ കഴിയുന്ന സാഹചര്യങ്ങൾ വിപുലമാകുകയും ചെയ്യുന്ന അപകടകരമായ വാതിലുകളാണ് തുറക്കുന്നതെന്ന് മെത്രാൻ സമിതി പറഞ്ഞു. ഇതോടെ മനുഷ്യ ജീവൻ സുരക്ഷിതമല്ലാതാവുകയും മൂല്യത്തിനും അന്തസ്സിനും നേരേ ഗുരുതരമായ ആക്രമണം നേരിടുകയും ചെയ്യുകയാണ്. ജീവന്റെ സ്വാഭാവികമായ അന്ത്യം വരെ മനുഷ്യത്വത്തോടെയുള്ള സാന്ത്വന പരിചരണം പ്രോത്സാഹിപ്പിക്കുന്നതിനു പകരം വേദനയ്ക്കും ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമായി മരണത്തെ നല്‍കുകയാണെന്നും മെത്രാന്മാർ അഭിപ്രായപ്പെട്ടു.

നേരത്തെ മാരക രോഗമുള്ളവര്‍ക്ക് ഡോക്ടറിന്റെ സഹായത്തോടെ ജീവന്‍ അവസാനിപ്പിക്കുവാന്‍ (ദയാവധം) അനുവാദം നല്‍കുന്ന ബില്‍ പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബേലോ ഡെ സോസാ തന്റെ നിഷേധാധികാരം (വീറ്റോ) ഉപയോഗിച്ച് തള്ളിക്കളഞ്ഞിരിന്നു. എന്നാല്‍ ഓഫീസിലെ ഡെപ്യൂട്ടിമാരുടെ കേവലഭൂരിപക്ഷത്താൽ മെയ് 12-ന് റിപ്പബ്ലിക്കിന്റെ അസംബ്ലി ബില്‍ പാസാക്കുകയായിരിന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിവിധ സംഘടനകള്‍ പോർച്ചുഗലിൽ ദയാവധം നിയമവിധേയമാക്കുന്നതിനോടു വിയോജിപ്പ് അറിയിച്ച് രംഗത്ത് വന്നെങ്കിലും ഫലമുണ്ടായില്ല.


Related Articles »