News - 2025

ജർമ്മനിയിലെ കത്തോലിക്ക പ്രബോധനങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ അൽമായ സംഘടന രംഗത്ത്

പ്രവാചകശബ്ദം 04-06-2023 - Sunday

മ്യൂണിക്ക്: ജർമ്മനിയിലെ മെത്രാന്മാരും, അൽമായരും ഉൾപ്പെടുന്ന 'സിനഡല്‍ പാത്ത്' എടുക്കുന്ന വിശ്വാസ വിരുദ്ധമായ തീരുമാനങ്ങളെ കത്തോലിക്കാ പഠനങ്ങളോട് ചേർന്ന് നിൽക്കുന്ന ജർമ്മന്‍ അൽമായരുടെ സംഘടനയായ ന്യൂയർ അൻഫാങ് അപലപിച്ചു. ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ സംഘടനയുടെ വക്താവ് ബ്രിജിത്ത് കെല്ലി, കത്തോലിക്കരായി തന്നെ നിലനിൽക്കുന്നതിന് വേണ്ടി സിനഡ് നടപടിക്രമങ്ങളെ വിശേഷിപ്പിക്കുന്ന 'സിനഡൽ പാത്തിനെ' തങ്ങൾ തള്ളിക്കളയുന്നതായി വ്യക്തമാക്കി. ഏകദേശം രണ്ടുവർഷം മുമ്പാണ് ന്യൂയർ അൻഫാങ് രൂപീകൃതമാകുന്നത്. 2019ൽ സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമായ നിലപാടുകളുള്ള അൽമായരുടെ സംഘടനയായ ദ സെൻട്രൽ കമ്മിറ്റി ഓഫ് ജർമ്മൻ കാത്തലിക്ക്സും, ജർമ്മനിയിലെ മെത്രാൻ സമിതിയുമാണ് സിനഡൽ പാത്ത് ആരംഭിക്കുന്നത്.

എൽജിബിറ്റി ചിന്താഗതികളും, സ്ത്രീകളെ ഡിക്കൻ പദവിയിലേക്ക് ഉയർത്തണം എന്ന നിർദ്ദേശവും, സ്വവർഗ ബന്ധങ്ങൾക്ക് ആശീർവാദം നൽകണമെന്ന ആവശ്യവും അടക്കം നിരവധി സഭാവിരുദ്ധമായ കാര്യങ്ങള്‍ കത്തോലിക്കാ പ്രബോധനങ്ങളുടെ ഭാഗമാക്കാൻ സിനഡ് ഈ മാർച്ച് മാസം അംഗീകാരം നൽകിയിരുന്നു. എന്നാല്‍ സിനഡിനെ സംബന്ധിച്ചും, സിനഡിലെ തീരുമാനങ്ങളെ സംബന്ധിച്ചും ആശങ്കയുള്ള കത്തോലിക്കാ വിശ്വാസത്തോട് ചേർന്ന് പോകുന്ന നിരവധി ആളുകളെയാണ് തങ്ങൾ പ്രതിനിധീകരിക്കുന്നതെന്നും, അതിനാൽ തങ്ങളുടെ സംഘടന ജർമ്മനിയിൽ ഒരു പുതിയ തുടക്കം സാധ്യമാക്കുന്നതിൽ ശ്രദ്ധയൂന്നി തങ്ങളുടെ ശബ്ദം ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും ബ്രിജിത്ത് കെല്ലി പറഞ്ഞു.

രാജ്യത്തെ എല്ലാ സാധാരണ അൽമായരെയും പ്രതിനിധീകരിക്കാൻ വേണ്ടിയാണ് ഏതാനും ചില അൽമായരെ സിനഡിൽ പങ്കെടുക്കാനായി തെരഞ്ഞെടുത്തതെന്നും, എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർ സാധാരണ അൽമായരെ പ്രതിനിധീകരിക്കുന്നവർ ആയിരുന്നില്ലായെന്നും ബ്രിജിത്ത് ചൂണ്ടിക്കാട്ടി. ഞായറാഴ്ചകളിൽ ദേവാലയങ്ങളിൽ തിരുകർമ്മങ്ങളിൽ സംബന്ധിക്കാൻ എത്തുന്ന കത്തോലിക്കർ ഈ നടപടി ക്രമത്തിന്റെ ഭാഗമാകുന്നില്ല. അതിനാൽ തന്നെ, തങ്ങളുടെ നിലപാടും അവർക്ക് പറയാൻ സാധിക്കുന്നില്ല. തിരുസഭയുടെ പാരമ്പര്യങ്ങള്‍ക്കും വിശ്വാസ സത്യങ്ങള്‍ക്കു വിരുദ്ധമായ തീരുമാനങ്ങളും, നിർദ്ദേശങ്ങളും അംഗീകരിക്കില്ലായെന്ന് ബ്രിജിത്ത് കെല്ലി പറഞ്ഞു.

സഭയിൽ ഒരു പരിഷ്കരണം അല്ല മറിച്ച് സഭയിൽ ഒരു പുതിയ പ്രബോധനം കൊണ്ടുവരാൻ വേണ്ടിയാണ് സിനഡ് ശ്രമിക്കുന്നതെന്നുള്ള തങ്ങളുടെ ആശങ്കയെ ഊട്ടിയുറപ്പിക്കുന്നതാണ് അവിടുത്തെ ചർച്ചകളും, തീരുമാനങ്ങളും, രേഖകളുമെന്ന് ബ്രിജിത്ത് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ജനുവരി മാസം ഫ്രാൻസിസ് മാർപാപ്പക്ക് തങ്ങളുടെ സംഘടന കത്തയച്ചതും അവർ എടുത്തു പറഞ്ഞു. കോൺഫറൻസുകൾ സംഘടിപ്പിക്കുമ്പോൾ സിനഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കരുതെന്ന് പറയുന്ന കത്തോലിക്കാ വിശ്വാസികളെ അനുദിനം കാണാൻ സാധിക്കുന്നുണ്ടെന്നും ബ്രിജിത്ത് കെല്ലി കൂട്ടിച്ചേർത്തു. സ്വവര്‍ഗ്ഗ ബന്ധങ്ങളെ ആശീര്‍വദിക്കാനുള്ള ജര്‍മ്മന്‍ സഭയുടെ നിലപാടിനെ വത്തിക്കാനും നേരത്തെ തള്ളിപറഞ്ഞിരിന്നു.

Tag: Group of faithful in Germany rejects Synodal Way: ‘We want to remain Catholic’ , geman malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 850