News - 2024

ഒഡീഷ ട്രെയിന്‍ ദുരന്തം: ദുഃഖം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും പാപ്പയുടെ സന്ദേശം

പ്രവാചകശബ്ദം 03-06-2023 - Saturday

വത്തിക്കാന്‍ സിറ്റി/ ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിന് കാരണമായ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ഇന്നു ശനിയാഴ്ച ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ തന്റെ പ്രാർത്ഥന അർപ്പിച്ചു. ട്രെയിൻ അപകടത്തിൽ ഉണ്ടായ വലിയ ജീവഹാനിയെ കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്നും തന്റെ ആത്മീയ സാമീപ്യം ഉറപ്പുനല്‍കുകയാണെന്നും പാപ്പ അറിയിച്ചു.

മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന് ഭരമേൽപ്പിക്കുകയാണ്. അവരുടെ നഷ്ടത്തിൽ വിലപിക്കുന്നവർക്ക് ഹൃദയംഗമമായ അനുശോചനം നേരുന്നു. പരിക്കേറ്റ അനേകം പേർക്കും രക്ഷാസേനാംഗങ്ങളുടെ പ്രയത്നങ്ങൾക്കും പ്രാർത്ഥനകൾ അർപ്പിക്കുന്നു. എല്ലാവരിലും "ധൈര്യത്തിന്റെയും സാന്ത്വനത്തിന്റെയും ദൈവിക ദാനങ്ങൾ" ചൊരിയപ്പെടട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് അനുശോചന സന്ദേശം സമാപിക്കുന്നത്. പാപ്പക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് സന്ദേശം കൈമാറിയത്.

ഇന്നലെ രാത്രി ഏഴുമണിയോടെ ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 200 കിലോമീറ്റർ അകലെ ബാലസോറിനടുത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഷാലിമാർ - ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. പിന്നാലെ കൊറമാമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ ഗുഡ്സ് ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറി. തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ഏതാനും കോച്ചുകളിലേക്ക് യശ്വന്ത്പുർ ഹൗറ സൂപ്പർഫാസ്റ്റ് ഇടിച്ചുകയറിയതോടെ യശ്വന്തപുർ ഹൗറ എക്സ്പ്രസിന്റെ രണ്ട് ബോഗികൾ പാളംതെറ്റുകയായിരുന്നു. മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട വൻ ദുരന്തത്തിൽ മരണം 288 ആയി. 803 പേർക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന.


Related Articles »