News - 2024

ക്രൈസ്തവർക്കു എതിരെയുള്ള നീക്കങ്ങൾ തുടർക്കഥ

ഫാ. ഡോ. മൈക്കിൾ പുളിക്കൽ 05-06-2023 - Monday

മധ്യപ്രദേശിൽ, പ്രത്യേകിച്ച് ജബൽപൂർ രൂപതാ പരിധിയിൽ ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വർഗ്ഗീയ അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ മാത്രം ജബൽപൂർ രൂപതയുടെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ (SCPCR) നേതൃത്വത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായ റെയ്ഡുകൾ നടത്തുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇതേ കാലയളവിൽതന്നെ മധ്യപ്രദേശിൽ സന്യാസ സമൂഹങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളിലും സമാനമായ അതിക്രമങ്ങൾ നടന്നിട്ടുണ്ട്.

നിരവധി വർഷങ്ങളായി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അവയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള ആസൂത്രിതമായ ഭരണകൂട നീക്കങ്ങളാണ് നടന്നുവരുന്നത്. മതപരിവർത്തനകേന്ദ്രങ്ങളാണ് സഭാ സ്ഥാപനങ്ങൾ എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഇത്തരം പരിശോധനകൾക്ക് പിന്നിൽ. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ വന്നിട്ടുള്ള മതപരിവർത്തന നിരോധന നിയമങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്താവുന്ന വിധത്തിലുള്ള ആരോപണങ്ങളാണ് പലയിടത്തും ഉന്നയിച്ചുവരുന്നത്. ഒട്ടേറെ വ്യാജ കേസുകൾ ഇതിനകം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. രൂപതയുടെ കീഴിലുള്ള സ്ഥാപനത്തിൽ മതപരിവർത്തനം നടന്നു എന്ന വ്യാജ ആരോപണത്തിന്‍റെ ഭാഗമായിട്ടാണ് ഏറ്റവും ഒടുവിൽ, ജബൽപൂർ ബിഷപ്പ് ജെറാൾഡ് അൽമെയ്‌ദയുടെ പേരും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ദേശീയ ബാലാവകാശ കമ്മീഷന്‍റെ ക്രൈസ്തവ വിദ്വേഷം ‍

ദേശീയ ബാലാവകാശ കമ്മീഷൻ (SCPCR) ചെയർമാനായ പ്രിയങ്ക് കനുംഗോയുടെ നേരിട്ടുള്ള ഇടപെടലുകൾ ഇത്തരത്തിലുള്ള പല സംഭവങ്ങളിലും ഉണ്ടായിട്ടുണ്ട്. സംസ്ഥാന കമ്മീഷനുകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിപ്പിച്ചും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ശ്രമിക്കുന്നതായി വാർത്തകളുണ്ട്. തീവ്രവർഗീയ നിലപാടുകളോടെ, ക്രൈസ്തവ സമൂഹത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഈ നീക്കങ്ങൾ ഭരണ കക്ഷിയായ ബിജെപിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുമ്പോൾ നിർബ്ബന്ധമായി പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങൾ പലതും എവിടെയും പാലിച്ചിരുന്നില്ല എന്ന് മാത്രമല്ല, പലയിടത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് ഇത്തരം പരിശോധനകൾ നടന്നിട്ടുള്ളതും.

കഴിഞ്ഞ മെയ് 8 ന്, മധ്യപ്രദേശിലെ സാഗറിന് സമീപം നൂറ്റമ്പത് വർഷത്തെ പഴക്കമുള്ള സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അതിക്രമിച്ചുകയറി അനധികൃത റെയ്ഡ് നടത്തിയ കമ്മീഷൻ ചെയർമാനും സംഘവും ഓഫീസ് മുറികളും ദേവാലയവും അലങ്കോലപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയുമുണ്ടായി. മോശമായി പെരുമാറിയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത വൈദികർക്ക് മർദ്ദനമേറ്റു. സിസിടിവിയും കമ്പ്യൂട്ടറുകളും തകരാറിലാക്കിയ അവർ ഫോണുകളും രേഖകളും മറ്റും പിടിച്ചെടുക്കുകയും വൈദികരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷമാണ് അവരെ വിട്ടയയ്ക്കാൻ തയ്യാറായത്. സമാനമായ നടപടികളാണ് കഴിഞ്ഞ മാർച്ച് 2 ന് മധ്യപ്രദേശിലെ തന്നെ ഗോരെഗട്ടിലുള്ള സെന്റ് ജോസഫ് ബോർഡിങ്ങിലും, മാർച്ച് മൂന്നിന് മധ്യപ്രദേശിലെ ജുൻവാനിയിലെ JDES ബോർഡിങ്ങിലും ഉണ്ടായത്. ഏറ്റവും ഒടുവിൽ, മധ്യപ്രദേശിലെ കട്നിയ്ക്ക് അടുത്തുള്ള ജിൻജാരിയിൽ പ്രവർത്തിക്കുന്ന ആശാകിരൺ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലും ബാലാവകാശ കമ്മീഷൻ അധികൃതരുടെ നേതൃത്വത്തിൽ പോലീസ് ഉൾപ്പെട്ട സംഘം അതിക്രമിച്ച് കയറുകയും പരിശോധന നടത്തുകയും ചെയ്തു.

"ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും കുട്ടികളോട് ആവശ്യപ്പെടാറുണ്ടോ" എന്നാണ് എല്ലായിടങ്ങളിലും പരിശോധകർക്ക് അറിയേണ്ടതായി ഉണ്ടായിരുന്നത്. സന്യാസിനിമാരും വൈദികരും ക്രൈസ്തവ കുടുംബങ്ങളിൽനിന്നുള്ള കുട്ടികളും ഉപയോഗിക്കുന്ന ബൈബിളുകളും പ്രാർത്ഥന പുസ്തകങ്ങളും മറ്റും പിടിച്ചെടുക്കുകയും, അവയൊക്കെ മതപരിവർത്തന ശ്രമങ്ങളുടെ ഭാഗമാണ് എന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അടച്ചുപൂട്ടിക്കാൻ നിരന്തര ശ്രമങ്ങൾ ‍

അനേക വർഷങ്ങളായി പ്രവർത്തിച്ചുവരുന്നതും നിരവധി ദരിദ്ര കുടുംബങ്ങൾക്ക് അനുഗ്രഹമായി മാറിയതുമായ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തം. ഒന്നര നൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിന്‍റെ രജിസ്‌ട്രേഷൻ പുതുക്കാനുള്ള അപേക്ഷ പരിഗണിക്കാൻ വൈകിപ്പിച്ച് അടച്ചുപൂട്ടിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ചില വർഷങ്ങളായി നടന്നുകൊണ്ടിരുന്നത്. കോടതിവിധി ഓർഫനേജിന് അനുകൂലമായിരുന്നതിനാൽ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും കള്ളക്കേസ് ചുമത്തി നടത്തിപ്പുകാരെ ജയിലിലടയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ നടപടികളും ഇത്തരത്തിൽ തന്നെയാണ്.

കത്തോലിക്കാ വൈദികരുടെയും സന്യസ്തരുടെയും നേതൃത്വത്തിൽ പാവപ്പെട്ടവരും അനാഥരും രോഗികളും വൃദ്ധരുമായവർക്ക് വേണ്ടി നിസ്വാർത്ഥമായി നടത്തപ്പെടുന്ന ഒട്ടേറെ ഭവനങ്ങളിൽ ചിലവ മാത്രമാണ് മേൽപ്പറഞ്ഞവ. ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർക്ക് പോകാൻ മറ്റൊരു ഇടവുമില്ല എന്നും ഇറങ്ങിപ്പോകേണ്ടിവന്നാൽ അവരുടെ ജീവിതം തന്നെ വഴിമുട്ടുമെന്നും വ്യക്തമായി അറിയാവുന്ന അധികാരികൾ തന്നെയാണ് അവ അടച്ചുപൂട്ടിക്കാൻ കരുക്കൾ നീക്കുന്നത്. തങ്ങളുടെ അധികാരം ഉപയോഗിച്ച് പാവപ്പെട്ടവരുടെയും അവരുടെ സംരക്ഷകരുടെയും മേലുള്ള കടന്നുകയറ്റമാണ് ഇവിടെ സംഭവിക്കുന്നത്.

രാഷ്ട്രീയവും വർഗ്ഗീയവുമായ ഗൂഢലക്ഷ്യങ്ങളോടെ ചിലർ തകർക്കാൻ ശ്രമിക്കുന്നത് ആരും താങ്ങാനില്ലാത്ത അനേകായിരങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്ന് വ്യക്തം. മതപരവും വർഗ്ഗീയവുമായ ചിലരുടെ അസഹിഷ്ണുത അധികാര ദുർവിനിയോഗത്തിലൂടെ വെളിപ്പെടുന്നു. അതിന് ആയുധമാകുന്നതോ, ഉദ്ദേശ്യശുദ്ധി പലപ്പോഴും ചോദ്യംചെയ്യപ്പെട്ടിട്ടുള്ള പുതിയ നിയമങ്ങളും. മതംമാറ്റ നിരോധന നിയമങ്ങൾ നടപ്പാക്കപ്പെടുകയോ, നടപ്പാക്കാൻ ഒരുക്കങ്ങൾ നടത്തുകയോ ചെയ്തിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷ മത വിഭാഗങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ഇതുപോലുള്ള അതിക്രമങ്ങളും അതിന്‍റെ രൂക്ഷതയും നാൾക്കുനാൾ വർധിച്ചുവരുന്ന അവസ്ഥ ഈ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിയമ നടപടികൾ വർദ്ധിച്ചുവരുന്നത് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുടെ ഭാവിയെയും അവിടെ പ്രവർത്തിക്കുന്നവരുടെയും അന്തേവാസികളുടെയും സുരക്ഷിതത്വത്തെയും ആശങ്കയിൽ അകപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഭരണകൂടങ്ങൾ വ്യക്തമായ ഒരു വിശദീകരണം സമൂഹത്തിന് നൽകേണ്ടതുണ്ട്.

ദരിദ്രരും അഗതികളും രോഗികളുമായവർക്കുവേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്ന ഒരു വലിയ വിഭാഗമാണ് കരിനിയമങ്ങൾ ദുരുപയോഗിച്ച് വേട്ടയാടപ്പെടുന്നത്. അപമാനകരമായ ഈ ദുരവസ്ഥ പരിഹരിക്കാനും, സുരക്ഷിതത്വം നല്കാനും, ഭരണഘടനാനുസൃതമായ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകേണ്ടതുണ്ട്. വർഗ്ഗീയ തിമിരം ബാധിച്ച ജനപ്രതിനിധികളും പ്രിയങ്ക് കനുംഗോയെ പോലുള്ള ഉദ്യോഗസ്ഥരും തീർച്ചയായും തിരുത്തപ്പെടേണ്ടതുണ്ട്.

More Archives >>

Page 1 of 848