News - 2025
നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം
പ്രവാചകശബ്ദം 07-06-2023 - Wednesday
കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ അതിക്രമിച്ചു കയറി 40 ക്രൈസ്തവ വിശ്വാസികളെ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്. ഇവരിൽ ചിലര്‍ പിന്നീട് രക്ഷപ്പെട്ടു. ശേഷിക്കുന്നവര്‍ക്കായി മോചനദ്രവ്യം നല്‍കിയതോടെയാണ് മോചനം സാധ്യമായത്. ക്രൈസ്തവരെ മോചിപ്പിക്കാൻ സഹായം ചെയ്ത മുസ്ലിം സമൂഹത്തോട് കടുണ സംസ്ഥാനത്തെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ അധ്യക്ഷൻ ജോൺ ഹയാബ് നന്ദിയര്‍പ്പിച്ചു.
സഹോദരിമാരുടെയും, സഹോദരന്മാരുടെയും അവസ്ഥയിൽ ഉൽക്കണ്ഠയുള്ള നന്മയും കരുതലും ആത്മാർത്ഥതയുമുള്ള അയൽക്കാരെയാണ് അവരിൽ കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തോടും സമാധാനത്തോടും കൂടിയുള്ള സഹവർത്തിത്വത്തിന് വേണ്ടി സംസ്ഥാനത്തുടനീളം ഈ മാതൃക പിന്തുടരാൻ ശ്രമിക്കണമെന്നും ജോൺ ഹയാബ് ആഹ്വാനം നൽകി. ഇതിനിടയിൽ മോചനം ലഭിച്ച 16 പേർ കുടുംബത്തോടൊപ്പം ചേർന്നു. ഇവരിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയും തേടിയിട്ടുണ്ട്.
നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ വ്യാപകമായ ക്രൈസ്തവ കൂട്ടക്കൊല നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും സായുധധാരികളുടെ തടങ്കലില്‍ നിന്നു മോചിപ്പിക്കാന്‍ നടത്തിയ ഇടപെടലിന് വലിയ അഭിനന്ദനമാണ് പ്രാദേശിക ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 52,250 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി) എന്ന സംഘടന ഏപ്രില്‍ 10-ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിന്നു. 2023-ന്റെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ (ജനുവരി 1 മുതല്‍ ഏപ്രില്‍ 10 വരെ) 1,041 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 707 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു.