News - 2025

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി

പ്രവാചകശബ്ദം 10-06-2023 - Saturday

വത്തിക്കാന്‍ സിറ്റി: ഹെര്‍ണിയ രോഗത്തിന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യം ക്രമാനുഗതമായി മെച്ചപ്പെട്ട് വരികയാണെന്നു വത്തിക്കാന്‍. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം കഴിക്കുകയും, കിടക്കയില്‍ നിന്നും മാറി ചാരുകസേരയില്‍ ഇരിന്നുവെന്നും ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ ഔദ്യോഗിക വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയാനന്തര പുരോഗതി സാധാരണ ഗതിയില്‍ തന്നെയാണെന്നും, ഫ്രാന്‍സിസ് പാപ്പ പത്രം വായിക്കുകയും, ചില ജോലികള്‍ ചെയ്തതായും മെഡിക്കല്‍ ടീം അറിയിച്ചതായി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 7-നാണ് ഫ്രാന്‍സിസ് പാപ്പ ഹെര്‍ണിയക്കുള്ള അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായത്. ഹെര്‍ണിയ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി പാപ്പ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരിന്നുവെന്നും അതിനാലാണ് സര്‍ജറി ചെയ്യുവാന്‍ തീരുമാനിച്ചതെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പാപ്പയുടെ മുഖ്യ സര്‍ജനായ ഡോ. സെര്‍ജിയോ അല്‍ഫിയേരി വ്യക്തമാക്കിയിരിന്നു.

ഇതിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പ ആശുപത്രിയില്‍വെച്ച് മാമോദീസ നല്‍കിയ ഒരു കുട്ടിയുടെ കുടുംബാംഗങ്ങള്‍ പാപ്പക്ക് ഇക്കഴിഞ്ഞ ദിവസം സൗഖ്യാശംസകള്‍ നേര്‍ന്ന് പോസ്റ്റര്‍ അയച്ചത് മാധ്യമ ശ്രദ്ധ നേടിയിരിന്നു. കുഞ്ഞിനെ ആശീര്‍വദിച്ചതിന് അങ്ങയോട് നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നുവെന്നും സുഖം പ്രാപിക്കുന്നതിനായി ഞങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നു സ്പാനിഷ് ഭാഷയില്‍ എഴുതിയ പോസ്റ്ററില്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധയേത്തുടര്‍ന്ന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കെയാണ് പീഡിയാട്രിക് ഓങ്കോളജി വാര്‍ഡ്‌ സന്ദര്‍ശനത്തിനിടെ പാപ്പ മിഗേല്‍ എന്നാ കുഞ്ഞിനു മാമ്മോദീസ നൽകിയത്.

പാപ്പ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി വത്തിക്കാന്റെ കീഴിലുള്ള റോമിലെ ബാംബിനോ ഗേസു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളും പാപ്പക്ക് കാര്‍ഡ് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ 86 കാരനായ ഫ്രാന്‍സിസ് പാപ്പ മൂന്ന്‍ പ്രാവശ്യം ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പ നാലു ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരിന്നു.

More Archives >>

Page 1 of 852