News

ഗ്രഹാം സ്റ്റെയിന്‍റെ കുടുംബത്തിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം; മണിപ്പൂരില്‍ ബാലനും അമ്മയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു

പ്രവാചകശബ്ദം 09-06-2023 - Friday

ഇംഫാല്‍/ ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8 വയസ്സുള്ള ബാലനെയും അമ്മയെയും ബന്ധുവിനെയും മെയ്തെയ് കലാപകാരികൾ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു. കൊല്ലപ്പെട്ട മൂന്നു പേരും ക്രൈസ്തവരാണെന്ന് ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് കൺമുന്നിൽ നടന്ന ഈ സംഭവം രഹസ്യമാക്കിവെച്ചെങ്കിലും അസം റൈഫിൾസാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ഇംഫാലിന്റെ പ്രാന്തപ്രദേശത്തുവെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോൾ തലയ്ക്കു വെടിയേറ്റ ഏഴു വയസ്സുള്ള ടോൺസിങ് ഹാങ്സിങിന്റെ ചികിൽസയ്ക്കാണ് കുക്കി ഗോത്രത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്ത ക്രൈസ്തവ വിശ്വാസി അമ്മ മീന ഹാങ്സിങ് (45), ബന്ധു ലിഡിയ ലോരെംമ്പം (37) ഇംഫാലിലേക്കു ആംബുലന്‍സില്‍ പുറപ്പെട്ടത്. യാത്രാമധ്യേ മെയ്തെയ് ഭൂരിപക്ഷ മേഖലയിൽ ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കലാപകാരികൾ തീവെച്ചത്. ആംബുലന്‍സില്‍ മൂന്നു പേരും ദാരുണമായി പൊള്ളലേറ്റ് കൊല്ലപ്പെടുകയായിരിന്നു. ആംബുലന്‍സിന്റെ ഡ്രൈവറും നേഴ്സും ഓടി രക്ഷപ്പെട്ടിരിന്നു.

ഇംഫാൽ വെസ്റ്റ് എസ്പി ഇബോംച സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നാണു റിപ്പോർട്ട്. സംഭവത്തില്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശ മെയ്തികള്‍ക്കുണ്ടെന്ന ആരോപണം ശക്തമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുവും ഇംഫാലിലെ ആശുപത്രിയിലേക്ക് യാത്രതിരിക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്ന വ്യക്തിയുമായ പാവ്ലെന്‍ലാല്‍ ഹാന്‍സിങ് കടന്നു പോകുന്ന കഠിനമായ സാഹചര്യം ‘ദി ടെലിഗ്രാഫ്’നോട് പങ്കുവെച്ചു. അവരുടെ ശരീരം കത്തിക്കരിഞ്ഞ് ചാരമായിരുന്നുവെന്നും ചാരത്തിനിടയില്‍ നിന്നും കുറച്ച് അസ്ഥികള്‍ മാത്രമാണ് കിട്ടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പോലീസില്‍ നിന്നും ആരും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലായെന്നും സ്റ്റേഷനില്‍ പോകുവാന്‍ ഭയമാണെന്നും മകനെയും ഭാര്യയേയും നഷ്ടപ്പെട്ട ജോഷ്വ ഹാങ്സിങ് പങ്കുവെച്ചു. തന്റെ ഭാര്യയും മകനും ചുട്ടെരിക്കപ്പെട്ട ശേഷം കുക്കി ആധിപത്യ മേഖലയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോഷ്വ ഇപ്പോള്‍ കഴിയുന്നത്. സംഭവം നടന്നതിനു ശേഷം 'ദി ടെലിഗ്രാഫി'ന്റെ ലേഖകന്‍ ഡി.ജി.പി രാജീവ് സിംഗ്, എ.ഡി.ജി (ലോ ആന്‍ഡ്‌ ഓര്‍ഡര്‍) എല്‍. കൈലുണ്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഉപദേശകനുമായ കുല്‍ദീപ് സിംഗ് എന്നിവരുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും, ആരും പ്രതികരിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസാം റൈഫിള്‍ ഫോഴ്സും, റാപിഡ് ആക്ഷന്‍ ഫോഴ്സുമാണ് സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ലാംഫെല്‍ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെങ്കിലും പോലീസ് ഇരകള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആംബുലന്‍സിനെ അനുഗമിച്ചിരുന്ന പോലീസ് എസ്.പി ഇബോംച്ചാ സിംഗ് നോക്കിനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന റിപ്പോര്‍ട്ട് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. അതേസമയം 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയില്‍ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ടു മക്കളെയും ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നതിന്റെ തനിയാവര്‍ത്തനമായാണ് ഈ സംഭവത്തെ പലരും വിശേഷിപ്പിക്കുന്നത്.

Tag: Manipur violence: Seven-year-old boy, mother, relative Christian family burnt alive in ambulance, Catholic malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 851