News - 2025
തോമസ് അക്വീനാസിന്റെ വിശുദ്ധ പദവിക്കു 700 വർഷം തികയുന്നു
പ്രവാചകശബ്ദം 09-06-2023 - Friday
വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്രത്തിന്റെയും, തത്വശാസ്ത്രത്തിന്റെയും മേഖലകളില്‍ അളവറ്റ സംഭാവന ചെയ്ഹ വേദപാരംഗതനായ വിശുദ്ധ തോമസ് അക്വീനാസിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് 700 വർഷങ്ങൾ തികയുന്നു. ജൂലൈ മാസം പതിനെട്ടാം തീയതി ഇറ്റലിയിലെ ഫോസനോവ ആശ്രമത്തിൽ നടക്കുന്ന എഴുനൂറാമത് വാർഷിക ചടങ്ങിൽ പാപ്പായുടെ പ്രതിനിധിയായി വത്തിക്കാനിലെ നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദിനാൾ മർച്ചേല്ലോ സെമാരാരോ സംബന്ധിക്കും. 1274 ൽ ഫോസനോവ ആശ്രമത്തിൽ വച്ച് കാലം ചെയ്ത തോമസ് അക്വീനാസിന്റെ ഭൗതീക തിരുശേഷിപ്പുകൾ ഫ്രാൻസിലെ ടൗളൂസിലെ ലെസ് ജേക്കബിൻസ് എന്ന ഡൊമിനിക്കൻ പള്ളിയിലാണ് നൂറ്റണ്ടുകളായി സൂക്ഷിച്ചിരിക്കുന്നത്.
1323 ജൂലൈ പതിനെട്ടിനു ഫ്രാൻസിലെ അവിഗ്നോണിൽവെച്ചു അന്നത്തെ പാപ്പയായിരുന്ന ജോൺ ഇരുപത്തിരണ്ടാമൻ പാപ്പ, തോമസ് അക്വീനാസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയായിരിന്നു. 2024 ൽ തോമസ് അക്വിനാസിന്റെ മരണത്തിന്റെ എഴുന്നൂറ്റിയന്‍പതാമത് വാർഷികത്തിനായും ഡൊമിനിക്കൻ സന്യാസ സമൂഹം ഒരുങ്ങുന്നുണ്ട്. 1974 ൽ തോമസ് അക്വീനാസിന്റെ മരണത്തിന്റെ എഴുനൂറാം വാർഷികത്തിൽ അന്നത്തെ പാപ്പയായിരുന്ന പോൾ ആറാമൻ അക്വീനാസിന്റെ സ്മരണാർത്ഥം എഴുതിയ അപ്പസ്തോലിക പ്രബോധനമാണ് 'ലുമെൻ എക്ലേസിയെ' അഥവാ സഭയുടെ വെളിച്ചം.
വിശുദ്ധന്റെ മരണദിനമായ മാർച്ച് 7-ന് തിരുനാൾ ദിനമായി റോമൻ കലണ്ടറിൽ ഉൾപ്പെടുത്തിയെങ്കിലും ഈ തീയതി സാധാരണയായി നോമ്പുകാലത്തിനുള്ളിൽ വരുന്നതിനാൽ, 1969-ലെ കലണ്ടറിന്റെ പുനരവലോകനത്തോടെ തിരുനാള്‍ ജനുവരി 28-ലേക്ക് മാറ്റുകയായിരിന്നു. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ലാറ്റിനില്‍ പുറത്തിയാക്കിയ ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 1911-ലാണ് പുറത്തിറങ്ങിയത്.