News - 2025

നൈജീരിയയിൽ യുവ കത്തോലിക്ക വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 11-06-2023 - Sunday

ബെനിൻ: നൈജീരിയയിലെ ബെനിൻ അതിരൂപതയിലെ യുവ വൈദികന്‍ ഫാ. ചാൾസ് ഇഗീച്ചി പൗരോഹിത്യ സ്വീകരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂൺ ഏഴാം തീയതി അതിരൂപതയിലെ അജപാലന ചുമതലകൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. എടോ സംസ്ഥാനത്തെ ഇക്ക്പോബ മലയില്‍ നിന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരിന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് ഫാ. ചാൾസ് ഇഗീച്ചി പൗരോഹിത്യം സ്വീകരിച്ചത്. വൈദികന്റെ കൊലപാതകത്തിൽ അതിരൂപത ആർച്ച് ബിഷപ്പ് അഗസ്റ്റിൻ അക്കുബസ് അതീവ ദുഃഖം രേഖപ്പെടുത്തി. അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അവർ അന്വേഷണം ആരംഭിച്ചതായും എസിഐ ആഫ്രിക്ക എന്ന മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.

കൊല്ലപ്പെട്ട വൈദികന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആർച്ച് ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഫാ. ചാൾസ് ഇഗീച്ചിയുടെ സ്മരണാർത്ഥം പാസ്റ്ററൽ സെന്ററിൽ വിശുദ്ധ കുർബാന അർപ്പണം നടന്നു. കത്തോലിക്ക വൈദികരെ ലക്ഷ്യംവെച്ച് രാജ്യത്ത് നടക്കുന്ന അക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫാ. ഇഗീച്ചിയുടെ കൊലപാതകം. ജൂൺമാസം രണ്ടാം തീയതി നൂവി രൂപതാംഗമായ സ്റ്റാനിസ്ലാവോസ് എംബാമരാ എന്നൊരു കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.

കഴിഞ്ഞമാസം ഒവേരി രൂപതയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫാ. മത്തിയാസ് ഒപ്പാറ എന്ന വൈദികനെ പന്തക്കുസ്ത തിരുനാളിന്റെ അന്നാണ് വിട്ടയച്ചത്. രാജ്യത്തെ സുരക്ഷ ആശങ്കകളിലും, സാമ്പത്തിക പ്രതിസന്ധിയിലും ഉടനടി ഇടപെടൽ നടത്തണമെന്ന് കത്തോലിക്കാ മെത്രാൻ സമിതി അംഗങ്ങൾ ഉൾപ്പെടുന്ന ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ നേതൃത്വം അടുത്തിടെ പ്രസിഡന്റ് പദവിയിൽ എത്തിയ ബോലാ അഹമ്മദിനോട് ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ ഓരോ മാസവും നിരവധി ക്രൈസ്തവരാണ് കൊല്ലപ്പെടുന്നത്.

More Archives >>

Page 1 of 852