India
വിടവാങ്ങിയ ജീസസ് യൂത്ത് പ്രവർത്തകരുടെ ഓര്‍മ്മയില്‍ 'സോൾ ഫിഷേഴ്സ്' മ്യൂസിക്കൽ ആൽബം
പ്രവാചകശബ്ദം 17-06-2023 - Saturday
താമരശ്ശേരി: ഇരുപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് ആകസ്മികമായി വിടവാങ്ങിയ ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. 2001 മാർച്ച് 11 ന് നടന്ന പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപ്പെട്ട കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി കാവിൽപുരയിടം, ഷിജി കറുത്ത പാറക്കൽ, ബിന്ദു വഴീകടവത്ത്, റീന പാലറ എന്നീ അഞ്ചു ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതത്തെ ആസ്‌പദമാക്കി ജി ബാൻഡ് അണിയിച്ചൊരുക്കിയ മ്യൂസിക്കൽ ആൽബം 'സോൾ ഫിഷേഴ്സ്' എന്ന പേരിലാണ് പുറത്തിറക്കിയത്.
കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, സംഗീത അഭിരുചിയുള്ള കുറച്ചു യുവജനങ്ങളുടെ കൂട്ടായ്മയാണ് ജി ബാൻഡ്. കപ്പുച്ചിൻ വൈദികനായ ഫാ. ജോജോ മണിമലയാണ് ഈ സംഗീത കൂട്ടായ്മയുടെ സ്ഥാപകൻ. ജെസ്റ്റോ ജോസഫ് ആണ് ബാന്റിനെ നയിക്കുന്നത്. ആൽബിൻ തോമസ് രചനയും ലിബിൻ നോബി ഈണവും നൽകിയ ഗാനം സിനോവ് രാജ്, എലിഷ എബ്രഹാം എന്നിവർ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജിന്റോ തോമസ് ഈ ആൽബത്തിന്റെ സംവിധായകൻ. ടോണി ജോസ് ഇതിലെ രംഗങ്ങൾ ചിത്രീകരിച്ചിരിച്ചു. എഡിറ്റിംഗ് അഭിലാഷ് കോക്കാടും ടൈറ്റിൽ ഡിസൈൻ ജോയൽ മാത്യുവുമാണ്. ജി ബാന്റിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ God's Band ൽ ആണ് ഈ ആൽബം റിലീസ് ചെയ്തിരിക്കുന്നത്.
ഇടുക്കി രാജപുരത്ത് ഇടവക നവീകരണ പ്രവർത്തനം നടത്തി മടങ്ങുന്നതിനിടയിലായിരുന്നു ജീസസ് യൂത്ത് പ്രവർത്തകരുടെ ആകസ്മിക മരണം സംഭവിച്ചത്. ഗുരുവായൂരിൽ നിന്നും തലശേരിക്ക് വന്ന പ്രണവം ബസ് ആണ് പൂക്കിപറമ്പിൽ വച്ച് അഗ്നിക്കിരയായത്. അമിത വേഗത്തിൽ വന്ന ബസ് പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി കാറിൽ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 44 ജീവനുകൾ പൊലിഞ്ഞു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർക്കൊപ്പം ഇടവക നവീകരണത്തിനു പോയവരിൽ ഒരാൾ അപകടത്തിനുശേഷം പൗരോഹിത്യം സ്വീകരിച്ചിരുന്നു.